എന്‍റെ ആ സിനിമ കണ്ട ഇന്‍കം ടാക്സുകാര്‍ കരുതിക്കാണും ഞാന്‍ അത് പോലെയാണെന്ന്; പേളി മാണി

Advertisement

കൊച്ചി: രണ്ട് ആഴ്ച മുന്‍പാണ് കേരളത്തിലെ പ്രമുഖ യൂട്യൂബേര്‍സിനെതിരെ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് ഉണ്ടായത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്.

രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത് എന്നാണ് പറയുന്നത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നാണ് വാര്‍ത്ത വന്നത്. അതില്‍ ഉണ്ടായിരുന്നതായി പറയുന്ന പേരാണ് അവതാരകയും യൂട്യൂബറുമായ പേളി മാണിയുടെത്.

എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പേളി സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലാണ് പേളി തന്‍റെ ചിത്രം അടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓറ പോലെ തോന്നിക്കുന്ന ലൈറ്റിന് മുന്നിലാണ് പേളി ഇരിക്കുന്നത്. ഓള്‍ ഈസ് വെല്‍, ഓള്‍ ഈസ് വെല്‍. എന്നെ എന്നും വിശ്വസിക്കുന്നവര്‍ക്ക് നന്ദി, സ്നേഹവും സമാധാനവും സംഗീതവും നേരുന്നു. എന്നാണ് സ്മൈലികളും ലൌ ചിഹ്നവും അടക്കം പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ പ്രതികരണത്തില്‍ നേരിട്ട് റെയിഡ് സംബന്ധിച്ച് ഒന്നും പറയാത്ത പേളി എന്നാല്‍ തന്‍റെ വീട്ടില്‍ റെയിഡ് നടന്ന സംഭവത്തെ രസകരമായി സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്സില്‍ ഇട്ട പോസ്റ്റിലാണ് പേളി ഇന്‍കം ടാക്സ് റെയിഡിനെക്കുറിച്ച് പറയുന്നത്.

ഈയിടെ എന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നു. പിന്നീടാണ് അറിഞ്ഞത്. ഇന്‍കം ടാക്സുകാര്‍ നെറ്റ്ഫ്ലിക്സില്‍ വന്ന ഞാന്‍ അഭിനയിച്ച ലുഡോ എന്ന ചിത്രം കണ്ട്, എന്റെ കഥാപാത്രം ഷീജ ശരിക്കും ഉള്ളതാണെന്ന് കരുതിയതാണെന്ന്. ലുഡോ നെറ്റ്ഫ്ലിക്സില്‍ കണ്ടാല്‍ ഈ തമാശ മനസിലാക്കാം. – എന്നാണ് പേളി എഴുതിയത്.

അനുരാഗ് ബസു സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സില്‍ ഇറങ്ങിയ ചിത്രമാണ് ലുഡോ. അതില്‍ ഷീജ തോമസ് എന്ന മലയാളിയായണ് പേളി അഭിനയിച്ചത്. ഒരു ഡോണിന്‍റെ പണപ്പെട്ടി മോഷ്ടിച്ച് രക്ഷപ്പെടാന്‍ നോക്കുന്ന കഥാപാത്രമായിരുന്നു പേളിക്ക് ഇതില്‍. 2020ലാണ് ലുഡോ നെറ്റ്ഫ്ലിക്സില്‍ റിലീസായത്.