പൊട്ടിക്കരഞ്ഞ് റിമി; ‘പപ്പ ഇനിയില്ലെന്ന് ആ ഫോൺ കോളിലൂടെ ഞാനറിഞ്ഞു, പിന്നെ ബോധംകെട്ട് വീഴുകയായിരുന്നു’

Advertisement

പിതാവ് ടോമി ജോസഫിന്റെ ഓർമകളിൽ വിങ്ങിപ്പൊട്ടി ഗായിക റിമി ടോമി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘കിടിലം’ പരിപാടിയിൽ സംസാരിക്കവേയാണ് പിതാവിനെക്കുറിച്ച് റിമി വേദനയോടെ വാചാലയായത്. പപ്പയുടേത് തികച്ചും അപ്രതീക്ഷിത വിയോഗമായിരുന്നെന്നും ആ വേർപാട് ഏൽപിച്ച ആഘാതത്തിൽ നിന്നും താൻ ഇപ്പോഴും പൂർണ മുക്തയായിട്ടില്ലെന്നും റിമി പറയുന്നു. പപ്പയെക്കുറിച്ചോർത്തു പൊട്ടിക്കരഞ്ഞ റിമിയെ ‘കിടിലം’ പരിപാടിയിലെ മറ്റു വിധികർത്താക്കളായ മുകേഷും നവ്യ നായരും ചേർന്ന് ആശ്വസിപ്പിച്ചു. നിറമിഴികളോടെയാണ് ഇരുവരും റിമിയുടെ സംസാരം കേട്ടിരുന്നത്. റിമിയുടെ വികാരനിർഭരമായ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. നിരവധി പേർ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നുമുണ്ട്.

‘ജീവിതത്തിൽ ഒരുപാട് വിഷമങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. അതിൽ ഏറ്റവും വേദനിപ്പിച്ചത് പപ്പയുടെ വിയോഗം തന്നെയാണ്. കാരണം, അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ആശുപത്രിയിലൊന്നുമായിരുന്നില്ല പപ്പ. യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നു. പെട്ടെന്നൊരു ഫോൺ കോളിലൂടെ പപ്പ ഇനിയില്ല എന്ന് ഞാനറിയുകയായിരുന്നു. അത് വല്ലാത്ത ഷോക്ക് ആയിപ്പോയി. അന്ന് ഇടപ്പള്ളി പള്ളിയിൽ കുർബാന കഴിഞ്ഞ് വന്നപ്പോൾ മമ്മിയുടെ ഫോണിൽ നിന്നും എനിക്കൊരു കോൾ വന്നു, പപ്പ ആശുപത്രിയിലാ കേട്ടോ എന്ന് എന്നോടു പറഞ്ഞു. എന്തു പറ്റിയെന്നൊന്നും എനിക്കു മനസ്സിലായില്ല. കാരണം, പപ്പയ്ക്ക് യാതൊരുവിധ കുഴപ്പങ്ങളും ഇല്ലായിരുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഹീ ഇസ് നോ മോർ എന്നു മാത്രം എന്നെ വിളിച്ചു പറഞ്ഞു. കേട്ട ഉടൻ തന്നെ ഞാൻ ബോധരഹിതയായി വീഴുകയായിരുന്നു. എനിക്കൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല പപ്പയുടെ വിയോഗം. അതുവരെ കൂടെയുണ്ടായിരുന്ന ആൾ പെട്ടെന്ന് ഇല്ലാതായി, ഇനിയൊരിക്കലും മടങ്ങി വരില്ല എന്നൊക്കെ കേട്ടാൽ എങ്ങനെ സഹിക്കാൻ കഴിയും’, റിമി പറഞ്ഞു.

എപ്പോഴും പപ്പ നിഴലുപോലെ തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പപ്പയ്ക്കൊപ്പം ഒരുപാട് യാത്രകൾ പോയിട്ടുണ്ടെന്നും റിമി നൊമ്പരത്തോടെ പറഞ്ഞു. റിമിയുടെ വിഡിയോ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. എപ്പോഴും വേദിയിൽ ചിരിപ്പിക്കുന്ന റിമി ആദ്യമായാണ് കരഞ്ഞു കാണുന്നതെന്ന് ആരാധകർ വേദനയോടെ കുറിക്കുന്നു. 2014 ജൂലൈയിലാണ് റിമിയുടെ പിതാവ് ടോമി ജോസഫ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്. 20 വർഷം സൈനിക സേവനം അനുഷ്ഠിച്ച ടോമി, മാതാവിന് സുഖമില്ലെന്നറിഞ്ഞതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങുകയായിരുന്നു. തുടർന്ന് സ്വദേശമായ പാലായിൽ കുടുംബത്തോടൊപ്പം കഴിഞ്ഞു. 57ാം വയസ്സിലായിരുന്നു അപ്രതീക്ഷിത വേർപാട്.

Advertisement