നടന്‍ കുഞ്ചാക്കോ ബോബന്‍ വഞ്ചിച്ചെന്ന ആരോപണവുമായി ‘പദ്മിനി’ സിനിമയുടെ നിര്‍മാതാക്കള്‍. രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പ്രമോഷനില്‍ പങ്കെടുക്കാതെ കുഞ്ചക്കോ ബോബന്‍ കൂട്ടുകാരുമൊത്ത് യൂറോപ്പില്‍ പോയി ഉല്ലസിക്കുന്നതായിരുന്നെന്ന് നിര്‍മാതാവ് സുവിന്‍ കെ. വര്‍ക്കി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് 2.5 കോടി പ്രതിഫലം വാങ്ങിയത്. സിനിമയുടെ റോ ഫൂട്ടേജ് കണ്ട മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്റ് ഈ സിനിമയുടെ പ്രമോഷനു വേണ്ടി ചാര്‍ട്ട് ചെയ്ത എല്ലാ പ്രമോഷനല്‍ പ്ലാനുകളും തള്ളിക്കളയുകയായിരുന്നുവെന്നും സിനിമയിലെ നായകന്റെ ഭാര്യയാണ് ഈ മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്റിനെ നിയോഗിച്ചിരുന്നതെന്നും സുവിന്‍ പറയുന്നു.
”ഒരുകാര്യം സത്യസന്ധമായി പറയാം. ‘പദ്മിനി’ ഞങ്ങള്‍ക്കു ലാഭം നല്‍കിയ സിനിമയാണ്. അതിന്റെ ബോക്‌സ് ഓഫിസ് നമ്പേഴ്‌സ് എത്രയാണെങ്കിലും ഈ സിനിമ ഞങ്ങള്‍ക്കു ലാഭമാണ്. ചിത്രീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മിടുക്കന്മാരായ പ്രൊഡക്ഷന്‍ ടീമിനും സംവിധായകന്‍ സെന്നയ്ക്കും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലും തിയറ്റര്‍ പ്രതികരണമാണ് പ്രധാനം, അവിടെയാണ് തിയറ്ററുകളിലേക്ക് ആദ്യ കാല്‍വയ്പ് ലഭിക്കാന്‍ അതിലെ നായക നടന്റെ താരപരിവേഷത്തിന്റെ ചാരുത ആവശ്യമായി വരുന്നത്.
പദ്മിനി സിനിമയ്ക്കു വേണ്ടി അതിന്റെ നായകനടന്‍ വാങ്ങിയത് രണ്ടരക്കോടി രൂപയാണ്. അഭിമുഖങ്ങളിലോ പ്രമോഷന്റെ ഭാഗമായുള്ള ടിവി പരിപാടികളില്‍പോലുമോ അദ്ദേഹം പങ്കെടുത്തില്ല. സിനിമയുടെ റോ ഫൂട്ടേജ് കണ്ട, അദ്ദേഹത്തിന്റെ ഭാര്യ നിയോഗിച്ച ഈ സിനിമയുടെ മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്റ് ഞങ്ങള്‍ പദ്ധതിയിട്ടിരുന്ന എല്ലാ പ്രമോഷനല്‍ പ്ലാനുകളും തള്ളിക്കളഞ്ഞു. ഇതേ ദുരവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടുമൂന്നു സിനിമകളുടെ നിര്‍മാതാക്കള്‍ക്കും സംഭവിച്ചത്. അതുകൊണ്ട് ആരെങ്കിലും ഇതിനെക്കുറിച്ച് തുറന്നുപറയണമെന്ന് തോന്നി.
ഇദ്ദേഹം സഹനിര്‍മാതാവായ സിനിമകള്‍ക്ക് ഇത് സംഭവിക്കില്ല. എല്ലാ അഭിമുഖങ്ങള്‍ക്കും നിന്നുകൊടുക്കുകയും ടിവി പരിപാടികളില്‍ അതിഥിയായി എത്തുകയും ചെയ്തു. എന്നാല്‍ പുറത്തുനിന്നുള്ള ആളാണ് നിര്‍മാതാവെങ്കില്‍ ഈ പരിഗണനയൊന്നും ഉണ്ടാകില്ല. അദ്ദേഹത്തിന് സിനിമ പ്രമോട്ട് ചെയ്യുന്നതിനേക്കാള്‍ ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പില്‍പോയി ഉല്ലസിക്കുന്നതാണ്. 25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് അദ്ദേഹം 2.5 കോടി പ്രതിഫലമായി മേടിച്ചത്.
ഇവിടെ സിനിമകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പറഞ്ഞ് വിതരണക്കാര്‍ സമരം നടത്തുന്ന സാഹചര്യമാണ്. ഇതുകൊണ്ടൊക്കെത്തന്നെയാണ് സിനിമകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തത്. അഭിനയിക്കുന്ന സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യുക എന്ന ഉത്തരവാദിത്തം അതിലെ ഓരോ അഭിനേതാവിനുമുണ്ട്. ഓരോ വര്‍ഷവും ഇരുനൂറിലധികം സിനിമകളാണ് ഇവിടെ റിലീസ് ചെയ്യുന്നത്. നമ്മുടെ സിനിമ പ്രേക്ഷകരിലെത്തിക്കണമെങ്കില്‍ നാം സ്വയം ഇറങ്ങിത്തിരിക്കണം. ഇതൊരു ഷോബിസ് ആണ്, നമ്മുടെ നിലനില്‍പു തന്നെ പ്രേക്ഷകരുടെ വിധിപ്രകാരമാണ്.
ഇതൊക്കെയാണെങ്കിലും സിനിമയുടെ കണ്ടന്റ് ആണ് വിജയത്തിനു പ്രധാന കാരണം. പിന്നെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ആ നടനുവേണ്ടി വാദിച്ച നിര്‍മാതാക്കളായ സുഹൃത്തുക്കള്‍ക്ക് പ്രത്യേകം നന്ദി പറയുന്നു.” സുവിന്‍ കെ. വര്‍ക്കി കുറിച്ചു. കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രമാണ് പദ്മിനി.
Home Lifestyle Entertainment നടന്‍ കുഞ്ചാക്കോ ബോബന്‍ വഞ്ചിച്ചെന്ന് ‘പദ്മിനി’ സിനിമയുടെ നിര്‍മാതാക്കള്‍