സഹമുറിയന് മുൻ കാമുകി അയച്ച് നൽകിയ സമ്മാനം വെളിപ്പെടുത്തി സുഹൃത്ത്; ചിരിയടക്കാനാകാതെ നെറ്റിസൺസ് !

Advertisement

വേർപെട്ട ബന്ധങ്ങൾ അപൂർവ്വമായാണ് വീണ്ടും ഒന്നിക്കുന്നത്. ഏറെ പേരും അക്കാര്യത്തിൽ പിറകോട്ടാണെന്നത് തന്നെ കാരണം. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ ചിരി പടർത്തി. പോസ്റ്റ് പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമത്തിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. @yourtwtbro എന്ന ട്വിറ്റർ ഉപയോക്താവ് തൻറെ സഹമുറിയന് അവൻറെ മുൻ കാമുകി അയച്ച് കൊടുത്ത ഒരു പാഴ്സലിൻറെ ചിത്രം പങ്കുവച്ചതായിരുന്നു. രണ്ട് ചിത്രങ്ങളായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. ആദ്യ ചിത്രത്തിൽ ദിയ എന്ന് പേരെഴുതിയ ഒരു അക്കൗണ്ടിൽ നിന്നുള്ള മെസേജ് ആയിരുന്നു. അതിൽ ഇങ്ങനെ എഴുതി. “ഇൻസ്റ്റാമാർട്ടിൽ നിന്ന് നിങ്ങൾക്ക് ഒരു സാധനം അയച്ചു, സ്നേഹത്തോടെ അത് ധരിക്കൂക. അത് അനുയോജ്യമല്ലെങ്കിൽ, എന്നെ അറിയിക്കൂ, ഞാൻ നിങ്ങൾക്ക് വലിയവ അയയ്‌ക്കും,” എന്നായിരുന്നു ആ സന്ദേശം. തോട്ടടുത്ത സ്ക്രീൻ ഷോട്ടിൽ ഒരു കൈയിൽ ഗാർബേജ് ബാഗിൻറെ കവർ പിടിച്ചിരിക്കുന്നതായിരുന്നു. അതായത് മുൻ കാമുകി അയച്ച് കൊടുത്തത് വിലപിടിപ്പുള്ള സമ്മാനങ്ങളായിരുന്നില്ല. അത് വെറും ഗാർബേജ് ബാഗുകളായിരുന്നു.

കാമുകനെ സംബന്ധിച്ച് അത് ഏറെ വേദനാജനകമായിരിക്കാം. എന്നാൽ, ട്വിറ്റർ ഉപയോക്താക്കൾക്ക് ആ സമ്മാനക്കാഴ്ച ചിരിയായിരുന്നു സമ്മാനിച്ചത്. ആ ട്വീറ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. പോസ്റ്റ് ഇതിനകം രണ്ട് ലക്ഷത്തി അമ്പതിനായിരത്തിന് മേലെ ആളുകൾ കണ്ടു. പോസ്റ്റ് കണ്ടവർ കണ്ടവർ ചിരിയുടെ ഇമേജികളാൽ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാൻ മടിച്ചില്ല. “ഇത് യഥാർത്ഥമാണോ?” എന്ന് ഒരാൾ ചോദിച്ചു. “ഞാൻ ഈ ആശയം മോഷ്ടിക്കുകയാണ്.” എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. “അയാൾ വലുത് ആവശ്യപ്പെടുകയും പതിവ് ഡെലിവറികൾ അഭ്യർത്ഥിക്കുകയും വേണം.” എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം. നേരത്തെയും ഇത്തരത്തിലുള്ള പോസ്റ്റുകൾ വലിയ ശ്രദ്ധനേടിയിരുന്നു. കുറച്ച്കാലം മുമ്പ് ഒരു മുൻ കാമുകി, ബന്ധം വേർപ്പെടുത്തിയപ്പോൾ തൻറെ കാമുകനുമൊത്തുള്ള സമയങ്ങളിൽ ചെലവഴിച്ച പണത്തിൻറെ ഒരു നീണ്ട ലിസ്റ്റ് പങ്കുവച്ച് കൊണ്ട് പണം തിരികെ ആവശ്യപ്പെട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisement