കൊച്ചി: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് നടൻ ബാല. മുൻപത്തെ പോല വീഡിയോകളും മറ്റുമായി ബാല സോഷ്യൽ മീഡിയയിൽ സജീവമായി കഴിഞ്ഞു. അടുത്തിടെ പുറത്തുവന്ന ജിമ്മിൽ നിന്നുമുള്ള ബാലയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ തുടർച്ചയായി തൻറെ ജീവിത കാര്യങ്ങൾ വീഡിയോയിലൂടെ ബാല പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ ഭാര്യ എലിസബത്തിനൊപ്പമുള്ള പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
ഇളയരാജയുടെ ഗാനം പാടി ഭാര്യ ഭർത്താവ് ബന്ധം എന്ന പുണ്യമുള്ള ഒരു ബന്ധമാണെന്നും അത് മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ലെന്നും ബാല പറയുന്നു. ഇത് പറയാൻ തനിക്ക് അർഹതയുണ്ടോ എന്ന് അറിയില്ലെന്നും ബാല പറയുന്നു. ഗായകൻ ഗോപി സുന്ദറും ബാലയുടെ മുൻ ഭാര്യ അമൃതയും വേർപിരിഞ്ഞു എന്ന തരത്തിൽ അഭ്യൂഹം പരക്കുന്ന വേളയിലാണ് ബാല ഈ വീഡിയോ ചെയ്തിരിക്കുന്നത്. ഇത് അവരെ ഉദ്ദേശിച്ചാണോ എന്ന രീതിയിൽ ഈ വീഡിയോയ്ക്ക് കമൻറുകളും വരുന്നുണ്ട്.
ഇളയരാജ സംഗീതം നൽകിയ രാസാത്തി ഉന്നൈ കാണാതെ നെഞ്ച് എന്ന പാട്ട് എലിസബത്തിനൊപ്പം പാടിയാണ് ബാല വീഡിയോ ആരംഭിക്കുന്നത്. പിന്നീടാണ് തനിക്ക് പറയാനുള്ള കാര്യങ്ങൾ ബാല പറയുന്നത്. മമ്മൂക്ക മുൻപ് പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്.അത് തീർത്തും ശരിയാണ് മുൻപ് ഒരു അഭിമുഖത്തിൽ ഞാനും അത് പറഞ്ഞിട്ടുണ്ട്. രക്തബന്ധമില്ലാത്ത ഒരേ ഒരു ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിൽ. അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഇവരൊക്കെ തമ്മിൽ രക്ത ബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല.
എനിക്ക് പറയാൻ അർഹതയുണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് പൊതുവായി കണ്ടാൽ മതി. ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ, വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ. അതു പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും.’
ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. എല്ലാ റിലേഷൻഷിപ്പിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് നമ്മൾക്ക് പറയാൻ ആകില്ല. അങ്ങനെ ആളുകൾ ബന്ധങ്ങൾ മാറ്റിയാലും പുറത്ത് നിന്നും കാണുന്ന ആളുകൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല. അങ്ങനെ അഭിപ്രായം പറയാനുള്ള അവകാശം കാണുന്ന ആളുകൾക്ക് ഇല്ല. എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാർത്ഥിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിച്ചത്. അവസാനവും ഇളയരാജ പാട്ടിൻറെ രണ്ട് വരി ബാലയും ഭാര്യയും പാടുന്നുണ്ട്.