കറുപ്പ് സാരി ധരിക്കാൻ അമ്മായിയമ്മ സമ്മതിക്കില്ല, ബച്ചൻ സാരിയും കമൽഹാസൻ സാരിയും പ്രിയപ്പെട്ടത്: ഉഷ ഉതുപ്പ്

Advertisement

സംഗീത പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ഉഷ ഉതുപ്പ്. പാട്ടിനൊപ്പം തന്നെ ഉഷ ഉതുപ്പിന്റെ സ്റ്റൈലിനും ആരാധകരേറെയാണ്. വലിയ പൊട്ടും തലയിൽ പൂക്കളും കണ്ണ‍ഞ്ചിപ്പിക്കുന്ന സാരിയുമായി എല്ലാവരെയും അമ്പരപ്പിക്കാറുണ്ട് ഉഷ ഉതുപ്പ്.

ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ഒബ്സഷൻ സാരിയാണെന്ന് പറയുകയാണ് താരം. 1969ൽ ആദ്യമായി പ്രതിഫലമായി കിട്ടിയത് സാരിയാണെന്നും അന്നു മുതൽ തുടങ്ങിയതാണ് സാരിയോടുള്ള ഇഷ്ടമെന്നും ഉഷ ഉതുപ്പ് പറഞ്ഞു. 600ലധികം സാരിയാണ് ഇന്ന് ഉഷ ഉതുപ്പിന്റെ ശേഖരത്തിലുള്ളത്.

ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചതു കൊണ്ട് പണ്ട് കാലത്ത് ഒരുപാട് സാരികൾ വാങ്ങാൻ സാധിച്ചില്ലെന്നും പക്ഷേ, സാരികൾ കൂടുതലായി വാങ്ങണമെന്നതാണ് ആഗ്രഹമെന്നും ഉഷ ഉതുപ്പ് പറഞ്ഞു.‘ എന്റെ കയ്യിലുള്ള എല്ലാ സാരികൾക്ക് പിന്നിലും ഓരോ കഥകളുണ്ട്. അമ്മ തന്ന കാഞ്ചിവരം സാരി ഏറ്റവും പ്രിയപ്പെട്ടതാണ്. ചെക്ക്, സ്ട്രൈപ്പ്സ്, ഡോട്ട്സ് എന്നിവ ഒരിക്കലും ഫാഷൻ ഔട്ട് ആകില്ല. മകൾ തന്ന പൂജ ഡിസൈൻ സാരിയും ഏറെ പ്രിയപ്പെട്ടതാണ്’.

തന്റെ ശേഖരത്തിലുള്ള കറുപ്പ് സാരി ഏറെ പ്രിയപ്പെട്ടതാണെങ്കിലും അത് എപ്പോൾ ധരിക്കുമ്പോഴും ഭർത്താവിന്റെ അമ്മ ദേഷ്യപ്പെടാറുണ്ടായിരുന്നെന്നും ഉഷ ഉതുപ്പ് ഓർത്തെടുത്തു. ‘കേരളത്തിൽ നല്ല കാര്യങ്ങൾക്ക് എപ്പോഴും വൈറ്റ് അല്ലെങ്കിൽ ലൈറ്റ് ഷേഡ് വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. അതുകൊണ്ട് എന്തിനാണ് കറുപ്പ് സാരി ധരിക്കുന്നതെന്ന് ഭർത്താവിന്റെ അമ്മ ചോദിക്കുമായിരുന്നു. പക്ഷേ, എന്റെ ഇഷ്ടനിറം കറുപ്പാണ്’. ഉഷ ഉതുപ്പ് പറഞ്ഞു.

അമിതാ ബച്ചൻ സാരിയും കമൽ ഹാസൻ സാരിയുമെല്ലാം ഉഷ ഉതുപ്പിന്റെ കൈവശമുണ്ട്. ‘കോൻ ബനേഗ കോർ പതിയിൽ’ പങ്കെടുക്കാനെത്തിയപ്പോൾ ധരിച്ച സാരിയാണ് അമിതാ ബച്ചൻ സാരി. വ്യത്യസ്തമായ കളർ കോമ്പിനേഷനിലുള്ള സാരി അമിതാ ബച്ചനെ പോലെ തന്നെയാണെന്നാണ് ഉഷ ഉതുപ്പിന്റെ വാദം. പിറന്നാൾ ദിനത്തിൽ സമ്മാനമായി കമൽഹാസൻ നൽകിയ സാരിയാണ് കമൽഹാസൻ സാരി. രാജ്യം പത്മശ്രീ നൽകി ആദരിച്ചപ്പോൾ ആ വേദിയിൽ ധരിച്ച സാരി പ്രത്യേകം സൂക്ഷിച്ചു വച്ചിട്ടുണ്ട് പ്രിയ ഗായിക.

സാരിക്കൊപ്പം ഷൂസ് ധരിക്കുന്ന താരത്തിന്റെ സ്റ്റൈലും ഏറെ ശ്രദ്ധ നേടിയതാണ്. കാലിനു പ്രശ്നം വന്നപ്പോൾ മകളാണ് ഷൂസ് ധരിക്കാൻ പറ‍ഞ്ഞതെന്നും ഉഷ ഉതുപ്പ് പറഞ്ഞു. പിന്നീട് തന്റെ സാരിക്ക് അനുയോജ്യമായ ഡിസൈനിൽ ഷൂസുകൾ തിരിഞ്ഞെടുക്കുകയായിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉഷ ഉതുപ്പ് തന്റെ സാരി സ്നേഹം വ്യക്തമാക്കിയത്.