ആറാമതും മികച്ച നടൻ, അഭിനയത്തികവിന് അംഗീകാരം, പുരസ്‍കാര നിറവിൽ മമ്മൂട്ടി

Advertisement

മലയാളത്തിന്റെ അഭിനയത്തികവിന് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആറാമതും മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നു. 2021 മമ്മൂട്ടിക്കാലമായിരുന്നുവെന്ന് ജൂറിയും ശരിവെച്ചിരിക്കുന്നു. നൻപകൽ നേരത്ത്, റോഷാക്കടക്കമുള്ള മികച്ച സിനിമകളിലൂടെയാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്.

ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുന്നത് 1981ലാണ്. ‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാർഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ൽ മമ്മൂട്ടി സംസ്ഥാന തലത്തിൽ ആദ്യമായി മികച്ച നടനായി. ‘അടിയൊഴുക്കുകളി’ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടി നേടിയത്.

‘യാത്ര’യിലേയും, ‘നിറക്കൂട്ടി’ലെയും സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്‍പെഷ്യൽ ജൂറി അവാർഡും മമ്മൂട്ടിക്കായിരുന്നു. 1985ലായിരുന്നു മമ്മൂട്ടി ഇത്തരത്തിൽ അംഗീകരിക്കപ്പെട്ടത്. ‘വിധേയൻ’, ‘പൊന്തൻ മാട’, ‘വാത്സല്യം’ സിനിമകളിലൂടെ മമമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993ലാണ്. 2004ലും 2009ലും മികച്ച നടനുള്ള അവാര്ഡ് കാഴ്‍ച, പാലേരി മാണിക്യം എന്നിവയിലൂടെ മമ്മൂട്ടിക്ക് യഥാക്രമം ലഭിച്ചു.

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡിലും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. ‘മതിലുകൾ’, ‘ഒരു വടക്കൻ വീരഗാഥ’ സിനിമകളിലൂടെ 1989ൽ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. ‘പൊന്തൻ മാട’, ‘വിധേയൻ’ എന്ന സിനിമകളിലൂടെ 1993ലും മമ്മൂട്ടി പുരസ്‍കാരം നേടി. ‘ഡോ. ബാബാസഹേബ് അംബേദ്‍കറെ’ന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 1998ലും മമ്മൂട്ടി മികച്ച നടനുള്ള പുരസ്‍കാരം ദേശീയ തലത്തിൽ നേടി.