‘പാപ്പു എന്റെ മകളാണെന്നുള്ള ഒറ്റ ബന്ധമേ അമൃതയുമായുള്ളൂ, ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങള്‍’: ബാല

Advertisement

മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷിനും തനിക്കുമിടയിലെ ബന്ധം പാപ്പു (മകള്‍ അവന്തിക) മാത്രമാണെന്ന് നടന്‍ ബാല. ‘പാപ്പു എന്റെ മകളാണ്, ഞാനാണ് അച്ഛന്‍. അത് ഈ ലോകത്ത് ആര്‍ക്കും മാറ്റാന്‍ പറ്റില്ല’, എന്നാണ് ബാല പറഞ്ഞത്. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണെന്നും നല്ലത് ചെയ്താല്‍ നല്ലത് വരുമെന്നാണ് ബാലയുടെ പ്രതികരണം. ഗോപി സുന്ദര്‍-അമൃത സുരേഷ് ബ്രേക്കപ്പ് വാര്‍ത്തകള്‍ ഉയര്‍ന്നു കേട്ടപ്പോള്‍ ബാലയുടെ പേരും പരാമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ഗോപിയും അമൃതയും തമ്മിലുള്ള ബ്രേക്കപ്പുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളെക്കുറിച്ച് തനിക്ക് എങ്ങനെ പറയാനാകും എന്നുപറഞ്ഞ ബാല പിന്നെ മകളെക്കുറിച്ചാണ് സംസാരിച്ചത്. ‘ഒരു കാര്യം വ്യക്തമായി പറയാം, എനിക്കും അമൃതയ്ക്കും ഇടയിലെ ബന്ധം എന്നുപറയുന്നത് പാപ്പു മാത്രമാണ്. എന്റെ മകള്‍, ഞാനാണ് അച്ഛന്‍. അത് ഈ ലോകത്ത് ആര്‍ക്കും മാറ്റാന്‍ പറ്റില്ല. എന്നെ കാണിക്കുന്നുണ്ടോ, കാണിക്കുന്നില്ലേ എന്നതൊന്നുമല്ല, പാപ്പു എന്റെ മകള്‍ തന്നെയാണ്. ദൈവത്തിന് പോലും അവകാശമില്ല ഒരു അച്ഛനെയും മകളെയും പിരിക്കാന്‍. ആ ഒരു കാര്യത്തില്‍ മാത്രമാണ് ഒരു ചെറിയ ബന്ധമുള്ളത്. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എല്ലാ കാര്യത്തിലും നല്ലത് ചെയ്താല്‍ നല്ലത് വരും. മോശം ചെയ്താല്‍ മോശം വരും’, ബാല പറഞ്ഞു.
ഗോപി സുന്ദറും അമൃത സുരേഷും വേര്‍പിരിഞ്ഞതായി സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഗോപിയുടെ മുന്‍പങ്കാളി അഭയ ഹിരണ്‍മയിയും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ആഘോഷചിത്രം പങ്കുവച്ച് അഭയ കുറിച്ച വാക്കുകളാണ് വൈറലായത്. അഭയയുടെ പോസ്റ്റ് ഗോപി സുന്ദറിന്റേയും അമൃതയുടേയും വേര്‍പിരിയലിനെക്കുറിച്ചുള്ളതാണ് എന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. ഒടുവില്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ തനിക്ക് ഒരു താല്‍പ്പര്യവുമില്ലെന്ന് വ്യക്തമാക്കി അഭയ രംഗത്തെത്തുകയും ചെയ്തു.