സൂര്യ @ 48; സിനിമാ രംഗത്ത് 26 വര്‍ഷക്കാലം നിറസാന്നിധ്യമായി ‘നടിപ്പിന്‍ നായകന്‍’

Advertisement

സ്വന്തം പോരായ്മകളെ അതിജീവിച്ച്, കളിയാക്കലുകളെ ലക്ഷ്യത്തിലേക്കുള്ള വഴിയായി കണ്ട് മുന്നേറി ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായ തമിഴകത്തിന്റെ ‘നടിപ്പിന്‍ നായകന്‍’ സൂര്യയ്ക്ക് ഇന്ന് നാല്‍പത്തിയെട്ടാം ജന്മദിനം.
26 വര്‍ഷക്കാലം സിനിമാ രംഗത്ത് നിറസാന്നിധ്യമായി തിളങ്ങി നില്‍ക്കുകയാണ് ശരവണന്‍ ശിവകുമാര്‍ എന്ന ആരാധകരുടെ പ്രിയപ്പെട്ട സൂര്യ. സിനിമാ പ്രാമുഖ്യമുള്ള കുടുംബത്തില്‍ നിന്ന് സിനിമാ ജീവിതം തെരഞ്ഞെടുത്ത സൂര്യക്ക് അഭിനയം ഒരു വെല്ലുവിളിയായിരുന്നില്ല. 1997 ല്‍ തന്റെ 22-ാം വയസില്‍ സൂര്യ അഭിനയ രംഗത്ത് തുടക്കം കുറിച്ചു. തുടര്‍ന്നുള്ള തമിഴ് സിനിമാ രംഗത്തെ നീണ്ട 26 വര്‍ഷങ്ങള്‍ സൂര്യയുടേതായിരുന്നു.
തമിഴ് സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന ശിവകുമാറിന്റേയും ലക്ഷ്മിയുടേയും മകനായി 1975 ജൂലൈ 23നായിരുന്നു സൂര്യയുടെ ജനനം. വസന്ത് സംവിധാനം ചെയ്ത നേര്‍ക്ക് നേര്‍ എന്ന ചിത്രത്തില്‍ സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശരവണന്‍ ശിവകുമാറിന്റെ രംഗപ്രവേശനം. ആ പേര് പിന്നീട് സൂര്യ എന്ന നടനെ അടയാളപ്പെടുത്തി. നേര്‍ക്കു നേറിന് ശേഷം 1998 ല്‍ പുറത്തിറങ്ങിയ കാതലേ നിമ്മാദി എന്ന ചിത്രത്തിലാണ് സൂര്യ വേഷമിട്ടത്. അതിന് ശേഷം അതേ വര്‍ഷം സന്ധിപ്പൊമ്മ എന്ന ചിത്രത്തില്‍ വിശ്വ എന്ന കഥാപാത്രമായെത്തി.
സിദ്ദിഖിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ഫ്രണ്ട്സ് എന്ന ചിത്രം തമിഴിലേക്ക് മൊഴിമാറ്റിയപ്പോള്‍ ചിത്രത്തില്‍ മുകേഷ് അവതരിപ്പിച്ച ചന്തുവായി എത്തിയത് സൂര്യയായിരുന്നു. ചിത്രം വന്‍ വിജയം നേടിയപ്പോള്‍ സൂര്യയ്ക്കും അഭിമാന നേട്ടം. 2001-ല്‍ ബാലയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നന്ദ എന്ന ചിത്രം സിനിമാ ജീവിതത്തില്‍ സൂര്യയ്ക്ക് വലിയ ബ്രേക്കാണ് നല്‍കിയത്. ബാലയുടെ തന്നെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ പിതാമഹന്‍ എന്ന ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച ശക്തി എന്ന കഥാപാത്രം പ്രേക്ഷക ഹൃദയങ്ങളില്‍ നൊമ്പരമായാണ് കടന്നുപോയത്.
അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ കാഖ കാഖ എന്ന ചിത്രത്തില്‍ എസിപി അന്‍പുസെല്‍വനായി എത്തി സൂര്യ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. സൂര്യ-ജ്യോതിക ജോഡിയെ പ്രേക്ഷകര്‍ ആദ്യമായി സ്വീകരിക്കുന്നതിലും ഈ ചിത്രത്തിലൂടെ തന്നെ. 2004ല്‍ പുറത്തിറങ്ങിയ പേരഴഗന്‍ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.


സൂര്യയുടെ സിനിമാ ജീവിതത്തില്‍ വമ്പന്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനി. സൂര്യ എന്ന നടന്റെ വ്യത്യസ്ത ഭാവപ്രകടനങ്ങള്‍ പ്രേക്ഷകര്‍ അന്നാദ്യമായി തിരിച്ചറിഞ്ഞു. സഞ്ജയ് രാമസ്വാമിയായി സൂര്യ നിറഞ്ഞാടിയപ്പോള്‍, സൂര്യയെന്ന താരവും അവിടെ പിറവികൊണ്ടു. 2006 ല്‍ സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയ സില്ലിനു ഒരു കാതലും വന്‍ വിജയമായി. ഈ ചിത്രത്തിന്റെ റിലീസിന് പിന്നാലെയായിരുന്നു സൂര്യയുടേയും ജ്യോതികയുടേയും വിവാഹം. സൂര്യ ആരാധകര്‍ വിവാഹം ആഘോഷമാക്കി.
2007ല്‍ പുറത്തിറങ്ങിയ വേല്‍ എന്ന ചിത്രത്തില്‍ സൂര്യ ആദ്യമായി ഇരട്ട കഥാപാത്രത്തെ അവതരിപ്പിച്ചു. 2008ലായിരുന്നു സൂര്യ എന്ന നടനെ അടയാളപ്പെടുത്തിയ ഗൗതം വാസുദേവ മേനോന്റെ വാരണം ആയിരം പുറത്തിറങ്ങുന്നത്. ചിത്രത്തിന് വേണ്ടി സൂര്യ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരേ സമയം പതിനാറുകാരനായും അറുപതുകാരനായും സൂര്യ പകര്‍ന്നാടി. 2009, 2010 വര്‍ഷങ്ങള്‍ സൂര്യയുടേതായിരുന്നു. 2009 ല്‍ അയണ്‍, ആദവന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ സൂര്യയുടേതായി പുറത്തിറങ്ങി. 2010ലായിരുന്നു സൂര്യയുടെ മാസ് ആക്ഷന്‍ ചിത്രം സിങ്കത്തിന്റെ റിലീസ്. ആ വര്‍ഷം സൂര്യയുടേതായി മൂന്ന് ചിത്രങ്ങളിറങ്ങി. തുടര്‍ന്ന് വിവിധ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ ഏഴാം അറിവ്, സിങ്കം 2, അഞ്ജാന്‍, താനാ സേര്‍ന്ദ കൂട്ടം തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയമായി. ഇതിനിടെ ജ്യോതികയ്ക്കൊപ്പം നിര്‍മാണ രംഗത്തേയ്ക്കും സൂര്യ കടന്നുവന്നു.
സുധ കൊങ്കരയുടെ സംവിധാനത്തില്‍ 2020 ല്‍ പുറത്തിറങ്ങിയ സുരരൈ പോട്ര് എന്ന ചിത്രത്തിലൂടെ സൂര്യ ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. തൊട്ടടുത്ത വര്‍ഷമായിരുന്നു തമിഴ് സിനിമാ രംഗത്ത് വന്‍ ചലനം സൃഷ്ടിച്ച ജയ് ഭീം പ്രേക്ഷകരിലേക്കെത്തുന്നത്. ദളിത് രാഷ്ട്രീയവും പൊലീസ് വേട്ടയും കൃത്യമായി ചര്‍ച്ച ചെയ്യപ്പെട്ട ജയ് ഭീം സൂര്യയുടെ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തപ്പെട്ടു. ചിത്രം നിര്‍മിച്ചതിന്റെ പേരില്‍ കോടതി നടപടികള്‍ നേരിടേണ്ടിവന്നെങ്കിലും അതില്‍ പതറാന്‍ സൂര്യ തയ്യാറായില്ല. 2021ലെ ഏറ്റവും വലിയ വിജയമായി ജയ്ഭീം മാറിയപ്പോള്‍ അത് സൂര്യ എന്ന മികച്ച നിര്‍മാതാവിനെ കൂടി അടയാളപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ചിത്രം വിക്രത്തില്‍ റോളക്സ് ആയി എത്തി സൂര്യ ഞെട്ടിച്ചു. അവസാനത്തെ പത്ത് സൂര്യ നടത്തിയ അതിഗംഭീര പ്രകടത്തെ പ്രേക്ഷകര്‍ വാഴ്ത്തി. ആ കഥാപാത്രമാകാന്‍ സൂര്യയ്ക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അടുത്ത വര്‍ഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ സൂര്യ ഒരു ഒന്നൊന്നര വരവാണ് വരുന്നത്. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. സൂര്യയിലെ നടന്റെ മാസ് പ്രകടനമാണ് ചിത്രത്തിലെ ഹൈലൈറ്റ്.

Advertisement