ഞാൻ മരിച്ചില്ല അമ്മ, ജീവനോടെ ഉണ്ട്: ഒരു വർഷത്തിനു ശേഷം അമ്മയെ കണ്ട് ബാല

Advertisement

ഒരു വർഷത്തിനുശേഷം അമ്മയെ കണ്ട സന്തോഷം പങ്കുവച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പമാണ് അമ്മയെ കാണാൻ ബാല ചെന്നൈയിൽ എത്തിയത്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളാണ് അമ്മയെന്നും ബാല പറയുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്നപ്പോഴും ആരോഗ്യാവസ്ഥ കാരണം അമ്മയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. സഹോദരൻ ശിവയും മറ്റു കുടുംബാംഗങ്ങളും ആശുപത്രിയിൽ എത്തിയിരുന്നു.

‘‘ഒരുവർഷത്തിന് ശേഷമാണ് ഞങ്ങൾ ചെന്നൈയിലേക്ക് പോവുന്നത്. വീട്ടിൽ എല്ലാവരും ഞങ്ങളെ കാത്തിരിക്കുകയാണ്. മുട്ടുവേദനകൊണ്ടാണ് അമ്മയ്ക്ക് ആശുപത്രിയിൽപോലും വരാൻ പറ്റാതിരുന്നത്. ഞാൻ ആശുപത്രിയിൽ നിന്ന് തിരികെ വന്നിരുന്നില്ലെങ്കിൽ എന്റെ അമ്മയ്ക്ക് എന്നെ കാണാൻ പറ്റുമായിരുന്നില്ല. അതേക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അമ്മയ്ക്ക് സങ്കടമായിരുന്നു. കൂളിങ് ഗ്ലാസൊക്കെ വെച്ച് സ്‌റ്റൈലിഷായി ഞങ്ങൾ അമ്മയെ കാണാൻ പോവുകയാണ്. ജീവൻ തിരികെ കിട്ടിയതിനും, എനിക്കും എലിസബത്തിനും വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി പറയുന്നു.’’–ബാല പറഞ്ഞു.

ചെന്നൈയ്ക്ക് പോകുകയാണെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം മറ്റൊരുവ വിഡിയോയും ബാല പങ്കുവച്ചിരുന്നു. ‘‘ഈ ദിവസം ഞാൻ അനുഭവിക്കുന്ന സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. എന്റെ ചേച്ചിയെയും സഹോദരനേയുമെല്ലാം കാണാൻ പോവുന്നു. അമ്മയെ കാണുന്നു, സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നു. ഇത്രയും കാലത്തിന് ശേഷമായാണ് അവർ എന്നെ ജീവനോടെ കാണാൻ പോവുന്നത്. അതിന് ഞാൻ മലയാളികളോട് കടപ്പെട്ടിരിക്കുന്നു.’’–ബാലയുടെ വാക്കുകൾ.

സിനിമാ നിർമാതാവും സംവിധായകനുമായ ഡോ. ജയകുമാർ ആണ് ബാലയുടെ അച്ഛൻ. 2020 ൽ അദ്ദേഹം അന്തരിച്ചു. അരുണാചലം സ്റ്റുഡിയോ ഉടമ എ.കെ. വേലന്റെ മകൾ ചെന്താമരയാണ് ബാലയുടെ അമ്മ. സഹോദരൻ ശിവയെ കൂടാതെ ഒരു സഹോദരി കൂടി ബാലയ്ക്കുണ്ട്.

Advertisement