ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സനുഷ…. ചിരി നിറച്ച് ‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ ട്രെയിലര്‍

Advertisement

ഉര്‍വശി, ഇന്ദ്രന്‍സ്, സനുഷ, സാഗര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. രസകരമായ കോര്‍ട്ട്‌റൂം ഡ്രാമയില്‍ മത്സരിച്ച് അഭിനയിക്കാന്‍ ഉര്‍വശിയും ഇന്ദ്രന്‍സും തുനിഞ്ഞിറങ്ങി എന്ന സൂചന നല്‍കുന്നതാണ് സിനിമയുടെ ട്രെയ്ലര്‍. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍, മലയാള ചലച്ചിത്ര താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
ആഗസ്റ്റ് 11ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ജോണി ആന്റണി, ടി.ജി. രവി, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഹനീഫ്, സജിന്‍, ഹരിലാല്‍ പി.ആര്‍., ജോഷി മേടയില്‍, വിഷ്ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്, പരമേശ്വരന്‍ പാലക്കാട്, തങ്കച്ചന്‍, അല്‍ത്താഫ്, ജെയ്, രാമു മംഗലപ്പള്ളി, ആദില്‍ റിയാസ്ഖാന്‍, അഞ്ജലി നായര്‍, നിഷാ സാരംഗ്, സുജാത തൃശ്ശൂര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സനുഷ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. 2016 ല്‍ റിലീസ് ചെയ്ത ‘ഒരു മുറൈ വന്തു പാര്‍ത്തായ’ എന്ന ചിത്രമാണ് സനുഷ അവസാനമായി അഭിനയിച്ച മലയാള ചിത്രം. 2019 ല്‍ നാനിയുടെ ജേഴ്‌സിയില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. പിന്നീട് കഴിഞ്ഞ നാല് വര്‍ഷമായി ഒരു ഭാഷയിലെ ചിത്രത്തില്‍ പോലും സനൂഷ പ്രത്യക്ഷപ്പെട്ടിട്ടില്ല.
വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷോത്തമന്‍ നിര്‍വ്വഹിക്കുന്നു.

Advertisement