ലക്ഷ്മി മേനോനും വിശാലും അടുത്ത മാസം വിവാഹിതരാകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിശാല്‍

Advertisement

തമിഴിലെ ആക്ഷന്‍ സൂപ്പര്‍താരമായ വിശാല്‍ നടി ലക്ഷ്മി മേനോനുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറേ നാളുകളായി പ്രചരിക്കുകയാണ്. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി വിശാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ലക്ഷ്മി മേനോനുമായി വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണ് എന്നാണ് താരം പറഞ്ഞത്. ഒരു പെണ്‍കുട്ടിയുടെ പേര് ഉള്‍പ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടിയായതിനാലുമാണ് വിഷയത്തില്‍ പ്രതികരണവുമായി എത്തിയതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ താരം പറയുന്നു. ലക്ഷ്മി മേനോനും വിശാലും അടുത്ത മാസം വിവാഹിതരാകുന്നുവെന്നായിരുന്നു ചില തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്.
”സാധാരണ വ്യാജ വാര്‍ത്തകളില്‍ ഞാന്‍ പ്രതികരിക്കാറില്ല. അതൊരു ആവശ്യമില്ലാത്ത കാര്യമായാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. പക്ഷേ ലക്ഷ്മി മേനോനുമായി ഞാന്‍ വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകളില്‍ ഒരു സത്യവുമില്ല. ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉള്‍പ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. നിങ്ങള്‍ അതിക്രമിച്ചു കയറി ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതം നശിപ്പിക്കുകയും അവളുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുകയുമാണ്. ഭാവിയില്‍ ഞാന്‍ ഏത് വര്‍ഷം, ഏത് സമയം, ആരെ വിവാഹം ചെയ്യുമെന്ന് കണ്ടുപിടിക്കാന്‍ ഇതൊരു ബര്‍മുഡ ട്രയാങ്കിള്‍ ഒന്നുമല്ല. സമയമാകുമ്പോള്‍ വിവാഹക്കാര്യം ഞാന്‍ തന്നെ ഔദ്യോഗികമായി അറിയിക്കും.” ഇതായിരുന്നു വിശാലിന്റെ കുറിപ്പ്.

Advertisement