രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനനുഭവിച്ചൊരു വേദനയെ കുറിച്ച് പരസ്യമായി പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം റാണി മുഖര്‍ജി. കോവിഡ് കാലത്ത് തനിക്കു സംഭവിച്ച അബോര്‍ഷനെപ്പറ്റിയാണ് റാണി തുറന്ന് സംസാരിച്ചത്.
‘ ആദ്യമായാണ് ഞാന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇന്നത്തെക്കാലത്ത് വ്യക്തിപരമായ കാര്യങ്ങള്‍ പബ്ലിക്കായി പറഞ്ഞാല്‍ അത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായേ കാണാറുള്ളു. സിനിമയ്ക്കു വേണ്ടി സ്വകാര്യജീവിതം ഉപയോഗിച്ചു എന്നു കേള്‍ക്കേണ്ടി വരുമെന്ന് ചിന്തിച്ചതുകൊണ്ടാണ് മുന്‍പ് ഇത് പറയാതിരുന്നത്. 2020ല്‍ കോവിഡ് സമയത്ത് ഞാന്‍ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അഞ്ചാം മാസം എനിക്കെന്റെ കുഞ്ഞിനെ നഷ്ടമായി. അതിനു പത്ത് ദിവസം കഴിയുമ്പോഴാണ് സിനിമയുടെ നിര്‍മാതാക്കളിലൊരാള്‍ വിളിച്ച് മിസിസ് ചാറ്റര്‍ജി Vs നോര്‍വെ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞത്. എന്റെ ജീവിതത്തിനോടു വളരെ സാമ്യമുള്ള കഥയായതുകൊണ്ടു തന്നെ എനിക്കു വളരെപ്പെട്ടെന്ന് കണക്ടായി.’
താന്‍ ഇക്കാര്യം ഇതുവരെയും അവരോടു പറഞ്ഞിട്ടില്ലെന്നും ഈ ഇന്റര്‍വ്യു കാണുമ്പോള്‍ പലര്‍ക്കും ഞെട്ടലുണ്ടാകുമെന്നും റാണി മുഖര്‍ജി പറഞ്ഞു. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ വെച്ചാണ് താരം തന്റെ അനുഭവം പങ്കിട്ടത്.