കൊഴുമ്മല്‍ രാജീവനായി കൊഞ്ചക്കോ ബോബന്‍ വീണ്ടും തിരികെ എത്തുന്നു

Advertisement

ഏറെ ജനപ്രീതി നേടിയതും സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയതുമായ ചിത്രമാണ് രതീഷ് ബാലകൃഷ്ണന്റെ ‘ന്നാ താന്‍ കേസ് കൊട്’. സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ രതീഷിന്റെ തന്നെ പുതിയ ചിത്രത്തിലും അതേ കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയ സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ എന്ന രതീഷിന്റെ പുതിയ ചിത്രത്തിലാണ് ചാക്കോച്ചന്റെ കൊഴുമ്മല്‍ രാജീവനും ഒരു പ്രധാന കഥാപാത്രമായി എത്തുക. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ രാജേഷ് മാധവനും ചിത്രയും അവതരിപ്പിച്ച സുരേഷനും സുമലതയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണിത്. സിനിമയുടെ പാട്ടുകളും ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള പ്രമോഷനും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്നുവരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇപ്പോള്‍ ചാക്കോച്ചനും കൊഴുമ്മല്‍ രാജീവനായി എത്തിയിരിക്കുകയാണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ഒരു വര്‍ഷം തികയുന്ന അതേ ഡേറ്റില്‍ തന്നെയാണ് ചാക്കോച്ചനും സിനിമയുടെ ഭാഗമായിരിക്കുന്നത്. ചിത്രത്തിന്റെ വിജയവും വാര്‍ഷികവും സെറ്റില്‍ അണിയറപ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.