ഇന്ത്യന്‍ സിനിമയുടെ ചരിത്രമെടുത്താല്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ആദ്യമായി നേടിയത് ശ്രീദേവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിലാണ് ശ്രീദേവി നായികയായത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ന് ലേഡി സൂപ്പര്‍സ്റ്റാറിന്റെ 60-ാം ജന്മവാര്‍ഷികമാണ്.
ഭര്‍ത്താവ് ബോണി കപൂറും മക്കളും ഉള്‍പ്പടെ നിരവധി പേരാണ് ശ്രീദേവിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ആരാധകരും പ്രിയതാരത്തിന്റെ ജന്മവാര്‍ഷികം ആഘോഷമാക്കുകയാണ്. അതിനിടെ പ്രിയ നായികയ്ക്ക് ആദരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍. ശ്രീദേവിയുടെ ഡൂഡിലാണ് അവര്‍ ഒരുക്കിയത്. നൃത്തം ചെയ്യുന്ന ശ്രീദേവിയയെയാണ് ഡൂഡിലില്‍ കാണുന്നത്.
1963 ഓഗസ്റ്റ് 13ന് ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. രാജേശ്വരിയാണ് അമ്മ. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ തന്നെ ശ്രീദേവി സിനിമയില്‍ മുഖം കാണിച്ചു. മലയാളത്തിലും ബാലതാരമായി തന്നെ എത്തി. ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 1976 ല്‍ പതിമൂന്നാം വയസ്സില്‍, കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പമാണ് നായികയായുള്ള അരങ്ങേറ്റം. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1981 ല്‍ മൂന്നാംപിറൈയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം തുടങ്ങി ഇരുപതിലേറെ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.