ബ്രിട്ടീഷ് ഓര്‍ക്കസ്ട്രയെ നയിച്ച് ഇന്ത്യന്‍ സംഗീതജ്ഞന്‍, ലണ്ടനില്‍ ‘ജനഗണമന’ മുഴങ്ങി, അഭിമാനം -വീഡിയോ

Advertisement

ലണ്ടൻ: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രാമി ജേതാവായ റിക്കി കെജിന്റെ നേതൃത്വത്തിൽ ലണ്ടനിലെ പ്രശസ്തമായ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി സഹകരിച്ച് ഇന്ത്യൻ ദേശീയ ഗാനത്തിന്റെ വാദ്യരൂപം അവതരിപ്പിച്ചു. ലണ്ടനിലെ ഐക്കണിക് ആബി റോഡ് സ്റ്റുഡിയോയിലായിരുന്നു100-അംഗ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ സംഗീത അവതരണം.

ഗ്രാൻഡ് ഓർക്കസ്ട്രയ്‌ക്കൊപ്പം ഇന്ത്യയുടെ ദേശീയഗാനം റെക്കോർഡുചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്നും 42 കാരനായ സംഗീതജ്ഞൻ റിക്കി കെജ് പറഞ്ഞു. റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ പ്രാഗല്‍ഭ്യം സമാനതകളില്ലാത്തതാണെന്നും ഇന്ത്യന്‍ ദേശീയഗാനത്തിന് വാദ്യരൂപത്തിലൂടെ ജീവൻ പകരാൻ അനുയോജ്യമായ സംഘമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മാസത്തെ സൂക്ഷ്മമായ പരിശീലനത്തിന് ശേഷമായിരുന്നു ദേശീയഗാനം പുനരാവിഷ്‌കരിച്ചത്. 45 മിനിറ്റെടുത്താണ് റെക്കോർഡിങ് പൂര്‍ത്തിയാക്കിയത്. കോർപ്പറേറ്റ് സ്പോൺസർഷിപ്പില്ലാതെ സ്വയം പണം മുടക്കിയാണ് ദേശീയഗാനം റെക്കോര്‍ഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷുകാർ 200 വർഷമായി നമ്മളെ ഭരിച്ചു.

അവരെ നയിക്കാനും (റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്ര) ഇന്ത്യൻ ദേശീയ ഗാനം ആലപിക്കാനും ഇന്ത്യൻ സംഗീതസംവിധായകന് അവസരം ലഭിച്ചത് വളരെ അത്ഭുതകരമായിരുന്നുവെന്നും കെജ് പറഞ്ഞു. ബ്രിട്ടീഷ് ഓർക്കസ്ട്ര ഇന്ത്യൻ ദേശീയ ഗാനം അവതരിപ്പിക്കുന്നത് ലോകത്തിന് മുന്നില്‍ പുതിയ ഇന്ത്യ എന്താണെന്നതിന്റെ പ്രതിഫലനമാണെന്നും ഇന്ത്യന്‍ ദേശീയ ഗാനത്തിന്റെ പതിപ്പ് ലോകമാകെ എത്തിക്കുക എന്നതായിരുന്നു തന്‍റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

Advertisement