തെലുങ്കിൽ ആരാധകരേറി മീര ജാസ്മിൻ; പവൻ കല്യാണ്‍ ചിത്രം വീണ്ടും ഹിറ്റ്

Advertisement

മീര ജാസ്മിനെ വരവേറ്റ് തെലുങ്ക് പ്രേക്ഷകർ. പവൻ കല്യാണിന്റെ പിറന്നാളിനോടനുബന്ധിച്ച് ‘ഗുഡുംബ ശങ്കർ’ എന്ന ചിത്രം തെലുങ്കിൽ റി റിലീസ് ചെയ്തിരുന്നു. 2004-ൽ പുറത്തിറങ്ങിയ ചിത്രം രണ്ടുപതിറ്റാണ്ടിന് ശേഷമാണ് വീണ്ടുമെത്തുന്നത്. പവൻ കല്യാൺ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മീര ജാസ്മിന്റെ നായിക വേഷവും ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയുടെ റി റിലീസ് ഇരുകയ്യും നീട്ടിയാണ് തെലുങ്ക് പ്രേക്ഷകര്‍ സ്വീകരിച്ചത്. തിയറ്ററുകളിൽ ആർപ്പുവിളികളോടെയും കയ്യടികളോടെയുമാണ് സിനിമയെ വരവേറ്റത്. നായികയായെത്തിയ മീര ജാസ്മിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സമൂഹമാധ്യമങ്ങളിലും പല ആളുകളും നടിയെ പ്രശംസിച്ച് എത്തിയിരുന്നു. മീര ജാസ്മിൻ വീണ്ടും തെലുങ്കിൽ സജീവമാകണമെന്നും പവൻ കല്യാണിനൊപ്പം നടിയെ വീണ്ടും ജോഡിയായി കാണണമെന്നുമാണ് ഇവരുടെ ആഗ്രഹം.

‘ഗുഡുംബ ശങ്കർ’ വീണ്ടുമെത്തുന്നതിന്റെ സന്തോഷം മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഹൃദയത്തിന്റെ നിധിശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന വിലമതിക്കാനാകാത്ത ഓർമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്ന് പറഞ്ഞുകൊണ്ട് ഗുഡുംബ ശങ്കറിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവയ്ക്കുകയുണ്ടായി. പവൻ കല്യാണിന്റെ ദയയും സഹാനുഭൂതിയും അനുകമ്പയും കാഴ്ചപ്പാടുകളും തന്റെ ജീവിതത്തിലേയും സിനിമയിലേയും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിൽ പങ്കുവഹിച്ചുവെന്നും മീര കുറിപ്പിൽ പറയുന്നു.

ഒരിടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാൻ ഒരുങ്ങുകയാണ് മീര ജാസ്മിൻ. ആറു വർഷങ്ങൾക്കു ശേഷം മീര നായികയായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ‘മകൾ’. ജയറാം നായകനായ ചിത്രം സത്യൻ അന്തിക്കാടാണ് സംവിധാനം ചെയ്തത്. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര. 2014ൽ പുറത്തിറങ്ങിയ വിംഗ്യാനിയാണ് മീര അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ ആണ് മലയാളത്തിൽ മീരയുടെ പുതിയ ചിത്രം. നരേനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ക്വീൻ എലിസബത്ത് എന്ന ചിത്രത്തിൽ എലിസബത്ത് ഏയ്ഞ്ചൽ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.എലിസബത്തിന്റെ സുഹൃത്ത് അലക്സ് ആയി നരേൻ വേഷമിടുന്നു. വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

സമുദ്രക്കനി നായകനെയെത്തിയ ‘വിമാനം’ എന്ന തെലുങ്ക് ചിത്രത്തിലാണ് മീര ജാസ്മിൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Advertisement