വിജയ് ചിത്രം ലിയോയിലെ രംഗങ്ങളും വരികളും മാറ്റേണ്ടി വരും….

Advertisement

വിജയ് ചിത്രം ലിയോയിലെ പാട്ടുകള്‍ക്ക് മാറ്റം വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി). ‘നാ റെഡി താ വരവാ’ എന്ന ഗാനത്തിലെ പുകവലി രംഗങ്ങളും മദ്യത്തെ പരാമര്‍ശിക്കുന്ന വരികളും മാറ്റണമെന്നാണ് ഉത്തരവ്. ആനൈത്തു മക്കള്‍ കച്ചി പാര്‍ട്ടിയിലെ രാജേശ്വരിപ്രിയ നല്‍കിയ പരാതിയിലാണ് നടപടി. ഉത്തരവിന്റെ പകര്‍പ്പ് സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവച്ച് രാജേശ്വരിപ്രിയ തന്നെയാണ് വിവരം പുറത്തുവിട്ടത്.
‘നാ റെഡി താ വരവാ’ ഗാനതത്തിലെ വിജയ് പുകവലിക്കുന്ന, പ്രത്യേകിച്ച് ക്ലോസ് അപ് ഷോട്ടുകള്‍ മാറ്റുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ ഗാനത്തിലെ ഏതൊക്കെ വരികളാണ് മാറ്റേണ്ടതെന്നും എടുത്തു പറഞ്ഞിട്ടുണ്ട്. ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഗാനമാണ് ‘നാ റെഡി താ വരവാ’. റിലീസായി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബില്‍ ഗാനം തരംഗമായിരുന്നു. എന്നാല്‍ പാട്ടില്‍ പുകവലിക്കുന്ന രംഗങ്ങളുണ്ടെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങങ്ങളുയര്‍ന്നിരുന്നു. സിബിഎഫ്‌സി ഉത്തരവ് വന്നതോടെ രംഗങ്ങളും വരികളും മാറ്റേണ്ടി വരുമെന്നാണ് കരുതുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ലിയോ.