മുംബൈ: ബോളിവുഡ് നടൻ രൺബീർ കപൂറിനോട് വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ നിർദേശം. ഗെയിമിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി.
ആപ്പിന്റെ പരസ്യങ്ങളിൽ അഭിനയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്. വിവാദമായ മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പിന്റെ പരസ്യത്തിലാണ് രൺബീർ അഭിനയിച്ചത്. മഹാദേവ് ആപ്പിന്റെ ഉടമ നടത്തിയ വിവാഹ വിരുന്നിൽ പങ്കെടുത്ത സെലിബ്രിറ്റികകൾ ഇഡിയുടെ നിരീക്ഷണത്തിലാണ്. ഇവരെ ഉടൻ വിളിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
സൗരഭ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവരാണ് മഹാദേവ് ഓൺലൈൻ വാതുവെപ്പ് തട്ടിപ്പ് കേസിന്റെ പ്രധാന കണ്ണികൾ. 5,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ബോളിവുഡ് താരങ്ങളായ ടൈഗർ ഷ്റോഫ്, സണ്ണി ലിയോൺ, നേഹ കക്കർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ ബോളിവുഡ് താരങ്ങൾ 2022-ൽ സൗരഭ് ചന്ദ്രാകറിന്റെ വിവാഹത്തിൽ പങ്കെടുത്തതായി ആരോപണമുയർന്നിരുന്നു. ദുബായിലായിരുന്നു ആഡംബര വിവാഹം. 200 കോടി രൂപ മുടക്കിയാണ് ഇവർ ആഡംബര പാർട്ടി നടത്തിയതെന്നും പറയുന്നു. സൗരഭ് ചന്ദ്രാകറിന്റെ പേരിൽ ഭോപ്പാൽ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 417 കോടി രൂപയുടെ സ്വത്തുക്കൾ കഴിഞ്ഞയാഴ്ചയാണ് ഇഡി കണ്ടുകെട്ടിയത്. നിയമപ്രകാരം വാതുവെപ്പ് അനുവദനീയമായ ദുബായിൽ നിന്നാണ് ചന്ദ്രാകറും ഉപ്പലും ബിസിനസ് നടത്തിയത്.
എന്നാൽ, ഇന്ത്യയിലെ അവരുടെ പ്രവർത്തനങ്ങൾ പലപ്പോഴും നിയമവിരുദ്ധമായിരുന്നെന്നും ഇഡി വ്യക്തമാക്കി. 40 കോടി രൂപ മുടക്കിയാണ് ബോളിവുഡ് താരങ്ങളെ ദുബായിയിലെത്തിച്ചത്. സ്വകാര്യജെറ്റിലാണ് കുടുംബങ്ങളെയും നർത്തകരെയും മുംബൈയിൽ നിന്ന് ദുബായിയിലേക്ക് എത്തിച്ചത്. 2022 സെപ്റ്റംബർ 18നായിരുന്നു വിവാഹം. ദുബായിലെ സെവൻ സ്റ്റാർ ഹോട്ടലിൽ കണ്ണഞ്ചും വിധമുള്ള ആഡംബരത്തിലായിരുന്നു ചടങ്ങുകൾ.
ആതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക് എന്നിവരും ചടങ്ങിലെ സെലിബ്രിറ്റി അതിഥികളായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഡിലെ ഭിലായിൽ ജ്യൂസ് വിൽപനക്കാരനായിരുന്നു സൗരഭ് ചന്ദ്രാകർ. മുപ്പത് വയസുപോലും തികയാത്ത ഇരുവരുടെയും വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. 30 ഓളം കേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന മഹാദേവ് ആപ്പ് കഴിഞ്ഞ വർഷം മാത്രം10 ലക്ഷത്തിലധികം പേരിലെത്തി.