‘ഭർത്താവ് വഞ്ചിച്ചിട്ടില്ല’; ജാമ്യത്തിലിറങ്ങി രവീന്ദർ; പ്രണയ ചിത്രം പങ്കുവച്ച് മഹാലക്ഷ്മി

Advertisement

ഭർത്താവ് രവീന്ദർ ചന്ദ്രശേഖറിനൊപ്പമുള്ള നടി മഹാലക്ഷ്മിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ രവീന്ദറിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

പ്രതിസന്ധിഘട്ടങ്ങളിലും രവീന്ദറിനൊപ്പം തന്നെ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. ഒരു പ്രതിബന്ധങ്ങൾക്കും തങ്ങളെ പിരിക്കാൻ കഴിയില്ല എന്നതാണ് പുതിയ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നതും. ‘‘എന്നിൽ പുഞ്ചിരി കൊണ്ടുവരുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടില്ല. ആരെയും സ്നേഹിക്കാനുള്ള യഥാർഥ കാരണം വിശ്വാസമാണ്. എന്നാൽ ഇവിടെ എന്നേക്കാൾ വിശ്വാസം നിന്നെ സ്നേഹിക്കുന്നു. പഴയ പോലെ അതേ സ്നേഹം വർഷിച്ച് എന്നെ സംരക്ഷിക്കൂ. സ്നേഹം മാത്രം, എന്ന് സ്വന്തം അമ്മു.’’–ചിത്രത്തോടൊപ്പം മഹാലക്ഷ്മി കുറിച്ചു.

നേരത്തെ അറസ്റ്റിലായ രവീന്ദറിനെതിരെ മഹാലക്ഷ്മി തെളിവുകൾ നൽകിയെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തന്നെ വഞ്ചനയിലൂടെയാണ് രവീന്ദർ വിവാഹം ചെയ്തതെന്നും രവീന്ദറിന്റെ തട്ടിപ്പ് കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമൊക്കെ നടി മൊഴിയായി നൽകിയെന്നായിരുന്നു വാർത്ത. എന്നാൽ അതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് ഈ ഒരു ചിത്രത്തിലൂടെ മഹാലക്ഷ്മി പറയാതെ പറയുന്നു.

ഭർത്താവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലായ സമയത്തും പ്രതികരണവുമായി മഹാലക്ഷ്‌മി എത്തിയിരുന്നു. ഇതും കടന്നുപോകും എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ നടി കുറിച്ചത്. ഏറെ സന്തോഷത്തോടെയുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മിയെന്നും ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.

വ്യവസായിയിൽനിന്ന് 16 കോടി തട്ടിയെന്ന പരാതിയിലാണ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലാകുന്നത്. സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജരേഖകൾ കാണിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്.

അടുത്ത കാലത്ത് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത താര ദമ്പതിമാരാണ് മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖരനും. രവീന്ദർ ധനികൻ ആയതുകൊണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ തങ്ങൾ പരസ്പരം മനസ്സിലാക്കി ഒന്ന് ചേർന്നതാണെന്നും രവീന്ദറിന്റെ വണ്ണം തനിക്ക് പ്രശ്നമല്ല എന്നും മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു.

തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷൻറെ ഉടമസ്ഥനാണ് രവീന്ദർ. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ.ടെലിവിഷൻ പരിപാടികളുടെ അവതാരകയായി ശ്രദ്ധനേടിയ മഹാലക്ഷമി പിന്നീട് സീരിയലുകളിലൂടെ മിനിസ്ക്രീൻ പേക്ഷകരുടെ ഇഷ്ടതാരമായി മാറി. വിജെ മഹാലക്ഷ്മി എന്നാണ് ഇവർ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. യാമിരുക്ക ഭയമേൻ, അരസി, ചെല്ലമേ, വാണി റാണി,അൻപേ വാ തുടങ്ങിയ സീരിയലുകളിലെ പ്രകടനത്തിലൂടെ തമിഴ് സീരിയൽ ലോകത്ത് നിരവധി ആരാധകരാണ് താരത്തിനുള്ളത്. മഹാലക്ഷ്മിയുടെ രണ്ടാം വിവാഹമാണ്. ആദ്യ ബന്ധത്തിൽ ഒരു മകനുണ്ട്.

Advertisement