‘‘ജന്മദിനാശംസകൾ ടിഫാനി ഗൗരിക. നിന്റെ സൗമ്യമായ മനോഭാവം, ആന്തരിക സൗന്ദര്യം, തലയെടുപ്പ് എന്നിവയെ ഞാൻ അഭിനന്ദിക്കുന്നു.’’–മകളുടെ ചിത്രത്തിനൊപ്പം അടിക്കുറിപ്പായി മാധവി കുറിച്ചു. മകളെ കാണാൻ അമ്മയെപ്പോലെ തന്നെയെന്നാണ് ആരാധകരും സുഹൃത്തുക്കളും കമന്റ് ചെയ്യുന്നത്. അമ്മയുടെ അതേ തലയെടുപ്പ് തന്നെ മകൾക്കും ലഭിച്ചിട്ടുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ മാധവി ബിസിനസ്സുകാരനായ റാൽഫ് ശർമയ്ക്കൊപ്പം അമേരിക്കയിലാണ് താമസം. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു മക്കളാണ് മാധവി-റാൽഫ് ദമ്പതികൾക്ക് ഉള്ളത്.
നേരത്തെ ബിരുദപഠനം പൂർത്തിയാക്കിയ മൂത്ത മകൾക്ക് ഉന്നത പഠനത്തിന് ഹാർവാർഡ്, ഓക്സ്ഫോർഡ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ നിന്നും ക്ഷണം ലഭിച്ച സന്തോഷം മാധവി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിയായ മാധവി കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുളള അനന്തൻ, നൊമ്പരത്തിപൂവ് എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു.
എൺപതുകളിൽ തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു മാധവി. 1996–ലായിരുന്നു മാധവിയുടെ വിവാഹം. 1997 ൽ റിലീസ് ചെയ്ത ‘ശ്രീമതി’ എന്ന കന്നഡ ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.