‘മുത്തച്ഛനുമായുള്ള ആരാധ്യയുടെ സ്വീറ്റ് ബോണ്ട്’: ബച്ചന് ഐശ്വര്യയുടെ ഹൃദയസ്പർശിയായ ആശംസ

Advertisement

ബോളിവുഡിന്റെ ബിഗ് ബി കഴിഞ്ഞ ദിവസമാണ് തന്റെ 81-ാം പിറന്നാൾ ആഘോഷിച്ചത്. സിനിമാലോകത്ത് നിന്നും അല്ലാതെയും നിരവധി പ്രമുഖരാണ് അമിതാഭ് ബച്ചന് ജന്മദിനാശംസകൾ നേർന്നത്.

സമൂഹ മാധ്യമങ്ങളിൽ മുഴുവനും താരത്തിനുള്ള ആശംസകൾ കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ ഈ കൊച്ചുമകൾ ആരാധ്യക്കൊപ്പമുള്ള അമിതാഭ് ബച്ചന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ഐശ്വര്യ റായ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനും കുറിപ്പിനും സോഷ്യൽ ലോകത്ത് വൻസ്വീകാര്യതയാണ് ലഭിച്ചത്.

അമിതാഭ് ബച്ചന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ പകർത്തിയ ചിത്രമാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നതു എന്നാണ് സോഷ്യൽലോകത്തിന്റെ കണ്ടുപിടുത്തം. കൊച്ചുമകളുടെ അരികിൽ തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ ഇരിക്കുന്ന ബച്ചനെ ചിത്രത്തിൽ കാണാവുന്നതാണ്. കൂടെ മുത്തച്ഛനോടു ചേർന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന ആരാധ്യയും. ദൈവത്തിന്റെ അനുഗ്രഹം എല്ലായ്‌പ്പോഴും എന്ന് കുറിച്ചുകൊണ്ട് ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജികളും ചേർത്താണ് ഐശ്വര്യ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് ഐശ്വര്യ പങ്കുവെച്ച ചിത്രത്തിന് താഴെ ഒരാൾ കുറിച്ചത്. നിരവധി പേർ ബച്ചന് ജന്മദിനാശംസകളും നേർന്നിട്ടുണ്ട്. അമിതാഭ് ബച്ചന്റെ പിറന്നാളിനോട് അനുബന്ധിച്ച് നിരവധി ആരാധകരാണ് താരത്തിന്റെ വീടിനു പുറത്ത് ആശംസകൾ അറിയിക്കാനായി എത്തിയത്. ബച്ചനൊപ്പം ആരാധ്യയും നവ്യ നവേലി നന്ദയും ഐശ്വര്യ റായും ആരാധകരെ അഭിവാദ്യം ചെയ്യാനായി എത്തിയിരുന്നു.