കലാസംവിധായകൻ മിലൻ അന്തരിച്ചു; അസർബൈജാനിൽ അജിത്തിന്റെ സിനിമാ ഷൂട്ടിനിടെ ഹൃദയാഘാതം

Advertisement

ചെന്നൈ: കലാസംവിധായകൻ മിലൻ ഫെർണാണ്ടസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

നടൻ അജിത് കുമാറിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ സിനിമയുടെ ചിത്രീകരണത്തിനിടെ അസർബൈജാനിലായിരുന്നു അന്ത്യം.

ചിത്രീകരണം കഴിഞ്ഞ് ശനിയാഴ്ച രാത്രി അദ്ദേഹം ഹോട്ടലിൽ തിരിച്ചെത്തി. ഞായറാഴ്ച രാവിലെ ജോലിക്കായി ടീം അംഗങ്ങളെ വിളിച്ചുചേർത്തു. ഇതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും മകനുമുണ്ട്.

1999ൽ സാബു സിറിളിന്റെ സഹായിയായാണ് തുടക്കം. 2006-ൽ പുറത്തിറങ്ങിയ ‘കലാപ കാതലൻ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. ബില്ല, വേലായുധം, വീരം, വേട്ടൈക്കാരൻ, തുനിവ്, വേതാളം, അണ്ണാത്തെ, പത്തു തല, സാമി 2, ബോഗൻ തുടങ്ങി 30-ലധികം സിനിമകളിൽ പ്രവർത്തിച്ചു.