വസ്ത്രം വാങ്ങാൻ ലണ്ടനിലെത്തി, ധരിച്ചത് അമ്മയുടെ മംഗൾസൂത്ര; ‘കുച്ച് കുച്ച് ഹോത്താ ഹേ’യിലെ ഫാഷൻ സീക്രട്ട്

Advertisement

ഷാറുഖ് ഖാൻ, കജോൾ, റാണി മുഖർജി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘കുച്ച് കുച്ച് ഹോതാ ഹേ’ റിലീസ് ചെയ്തിട്ട് 25 വർഷം തികയുന്നു. സംവിധായകനായ കരൺ ജോഹറിന്റെ അരങ്ങേറ്റ ചിത്രത്തിലെ താരങ്ങളുടെ സ്റ്റൈലിനും വസ്ത്രധാരണത്തിനുമെല്ലാം ഇന്നും ആരാധകരേറെയുണ്ട്. ഇപ്പോഴിതാ സിനിമയിലെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന മനീഷ് മൽഹോത്ര സിനിമയിലെ താരങ്ങളുടെ ഫാഷനെ പറ്റിയുള്ള കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് മനീഷ് മൽഹോത്ര താരങ്ങളുെട സിനിമയിലെ സ്റ്റൈലിനെ പറ്റി പറഞ്ഞത്. മൂന്നുപേരുടെയും വസ്ത്രം വാങ്ങാനായി ലണ്ടൻ വരെ എത്തി എന്നാണ് മനീഷ് മൽഹോത്ര കുറിപ്പിൽ വ്യക്തമാക്കി.

കജോളിന്റെ വസ്ത്രം മികച്ച ഫിറ്റിങ്ങുള്ളതാക്കാനായി ശ്രമിച്ചിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ കജോളിന് വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അവളുടെ വിഗ് അൽപ്പം ഭാരം കൂടിയതായിരുന്നു. അതിനാൽ അതൊരു ചെറിയ ബുദ്ധിമുട്ടുണ്ടാക്കി. മൂന്നാം ദിവസമായപ്പോഴേക്കുമാണ് അതെല്ലാം ശരിയായത്.

ലണ്ടനിലേക്കുള്ള യാത്രയിൽ, ബോണ്ട് സ്ട്രീറ്റിലെ ഒരു ജനാലയിൽ ഒരു പേർഷ്യൻ പരവതാനി പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടു. അതാണ് കജോളിന്റെ വിവാഹ നിശ്ചയത്തിനുള്ള ലെഹങ്കയ്ക്ക് പ്രചോദനമായത്. റാണി മുഖർജിയുടെ ലുക്ക് വളരെ ചലഞ്ചിങ്ങായിരുന്നു. ഒരു ഗ്ലാം ലുക്ക് നൽകാനാണ് ശ്രമിച്ചത്. റാണിയുടെ ടീന എന്ന കഥാപാത്രത്തെ കഴിയുന്നത്ര ട്രഡീഷണലായി നിലനിർത്താൻ മനീഷ് ശ്രദ്ധിച്ചിരുന്നു.
ഷൂട്ടിങ്ങിനിടെ കരൺ മംഗൾസൂത്ര ആവശ്യപ്പെട്ടപ്പോൾ അതുവഴി പോയ റാണിയുടെ അമ്മയുടെ മംഗൾസൂത്ര കടം വാങ്ങി നൽകുകയായിരുന്നെന്നും മനീഷ് കുറിച്ചു.

Advertisement