അഭിമാന നിമിഷത്തിന് പ്രിയപ്പെട്ട സാരിയും; അവാർ‍‍ഡ് വേദിയിൽ ആലിയ എത്തിയത് വിവാഹ സാരിയിൽ

Advertisement

സഞ്ജയ് ലീല ബൻസാലിയുടെ ‘ഗംഗുഭായ് കത്യവാടിയിലെ’ മികച്ച പ്രകടനമാണ് ആലിയ ഭട്ടിന് ആദ്യമായി ദേശീയ അവാർഡ് നേടിക്കൊടുത്തത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് നടന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ ഭർത്താവ് രൺബീർ കപൂറിനൊപ്പമാണ് ആലിയ എത്തിയത്.

ചടങ്ങിലെ ആലിയയുടെ ചിത്രങ്ങൾ വൈറലായതോടെയാണ് താരം ധരിച്ച സാരിയിലേക്കും ആരാധകരുടെ കണ്ണുടക്കിയത്. തന്റെ വിവാഹദിന സാരി അണിഞ്ഞാണ് ഏറെ സന്തോഷം നിറഞ്ഞ അവാർഡ്ദാന ചടങ്ങിലേക്ക് ആലിയ എത്തിയത്.

സാധാരണഗതിയിൽ ഒരിക്കൽ അണിഞ്ഞ വസ്ത്രങ്ങളെല്ലാം താരങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് അത്ര പതിവുള്ള കാര്യമല്ല. എന്നാൽ ആലിയ സ്വന്തം വിവാഹ വസ്ത്രം അണിഞ്ഞാണ് പതിവ് തെറ്റിച്ചത്. സബ്യസാചിയുടെ ഐവറി ഓർഗൻസ സാരിയാണ് ആലിയ ധരിച്ചത്. ഗോൾഡൻ എംബ്രോയ്ഡറിയോടു കൂടിയ സാരിയിൽ ചിത്രശലഭം, ചെടികൾ, പൂക്കൾ എന്നീ ഡിസൈനുകളും നൽകിയിരുന്നു.

സാരിക്കൊപ്പം ഒരു ചോക്കറാണ് ആലിയ പെയർ ചെയ്തത്. റൗണ്ട് കമ്മലും ബൺ ഹെയർസ്റ്റൈലും ഫോളോ ചെയ്തു. റോസാപ്പൂവും സ്റ്റൈൽ ചെയ്തിട്ടുണ്ട്.

നേരത്തെ ഒരഭിമുഖത്തിൽ ലെഹങ്കയ്ക്ക് പകരം സാരി വിവാഹത്തിന് തിരഞ്ഞെടുത്തതിന്റെ കാരണങ്ങൾ ആലിയ പങ്കുവച്ചിരുന്നു. ‘എനിക്ക് സാരി ഇഷ്ടമാണ്. ലോകത്തിലെ ഏറ്റവും സുഖപ്രദമായ വസ്ത്രമാണത്, അതുകൊണ്ടാണ് ഞാൻ എന്റെ വിവാഹത്തിന് സാരി ധരിച്ചത്’ എന്ന് ആലിയ വ്യക്തമാക്കിയിരുന്നു.

വിവാഹ സാരി തിരഞ്ഞെടുത്ത ആലിയയെ ആരാധകർ അഭിനന്ദിക്കുന്നുണ്ട്. നിങ്ങൾ അതിമനോഹരിയാണെന്നും വിവാഹദിനത്തേക്കാൾ കൂടുതൽ ഭംഗി തോന്നി എന്നുമെല്ലാം പലരും പറയുന്നുണ്ട്.