ഒരു ഗ്രാമത്തിലെ ജനങ്ങളുടെ തലവര തന്നെ മാറ്റിയ ഇടുക്കിയിലെ തങ്കമണി സംഭവം സിനിമയാകുന്നു…. നായകനായി ദിലീപ്

Advertisement

കേരള മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു ഇടുക്കിയിലെ തങ്കമണി സംഭവം. 1986 ഒക്ടോബര്‍ 21 -ന് തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും പോലീസ് വെടിവെപ്പും തുടര്‍ന്നുണ്ടായ വന്‍ പ്രശ്‌നങ്ങളും കേരളത്തിന് ഒരിക്കലും മറക്കാനോ ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളയാനോ കഴിയുന്നതല്ല. ഒരു ഗ്രാമത്തിലെ മുഴുവന്‍ പുരുഷന്മാരെയും പോലീസ് ബന്ധികളാക്കുകയും പ്രസവ ശുശ്രൂഷയിലായിരുന്ന സ്ത്രീകളെ വരെ പോലീസുകാര്‍ ഒരു കരുണയുമില്ലാതെ പീഡിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു തങ്കമണി സംഭവം.
കേരളത്തിന്റെ ചരിത്രത്തില്‍ എന്നും ഓര്‍ത്തിരിക്കുന്നതും നടുക്കമുണ്ടാക്കിയതുമായ സംഭവം കൂടിയായിരുന്നു അത്. വര്‍ഷം ഒരുപാട് കഴിഞ്ഞിട്ടും ഒറ്റരാത്രിയില്‍ ഒരു ഗ്രാമത്തിലെ ജനങ്ങളുടെ തലവര തന്നെ മാറ്റിയ സംഭവം ഇന്നും ആരും മറന്നിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു തങ്കമണി സംഭവത്തിന് 37- ാമത് വാര്‍ഷികം. ഈ അവസരത്തില്‍ കേരള മനസാക്ഷിയെ നടുക്കിയ ആ രാത്രിയുടെ കഥ വെള്ളിത്തിരയില്‍ എത്തുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തില്‍ ജനപ്രിയ നായകന്‍ ദിലീപാണ് നായകനായി എത്തുന്നത്. ഉടല്‍ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. രതീഷ് രഘുനന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
1986 ഒക്ടോബര്‍ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായി. വെടിവയ്പ്പില്‍ നിരപരാധിയായിരുന്ന ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് രണ്ട് കാലുകള്‍ നഷ്ടമായി. അന്ന് രാത്രി ഗ്രാമത്തിലെത്തിയ പോലീസ് പാവപ്പെട്ട ജനങ്ങളോട് ഒരു ദയവും കാണിക്കാതെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും പുരുഷന്‍മാരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
ശേഷം രാത്രിയില്‍ പോലീസ് സംഘം ഗ്രാമത്തിലെത്തി നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തി. പിന്നീട് ഈ സംഭവത്തെ കേരള ചരിത്രത്തില്‍ തന്നെ തുടച്ചു നീക്കാന്‍ അന്നത്തെ അധികാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടയി ശ്രമം നടത്തുകയും ചെയ്തു.

Advertisement