പെൺസുഹൃത്തിനൊപ്പമുള്ള ചിത്രത്തെ വിമർശിച്ചവർക്ക് മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. സ്വിറ്റ്സർലാൻഡിൽ ഒരു സംഗീത പരിപാടിക്കെത്തിയ ഗോപി സുന്ദർ പങ്കുവച്ച ചിത്രമാണ് വിമർശനങ്ങൾക്ക് വഴിതെളിച്ചത്.
ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ പിരിഞ്ഞെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ പെൺസുഹൃത്തുമായുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചത്. എന്നാൽ ഒരു പെണ്ണുമായി ചിത്രം പങ്കുവച്ചാലുടൻ അതിനെ മറ്റൊരു ബന്ധമായി വ്യാഖ്യാനിക്കരുതെന്നും ഇവിടെ ആർക്കും ഒരു പരാതിയോ പ്രശ്നങ്ങളോ ഇല്ലെന്നും ഗോപി സുന്ദർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
”ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. ഒരു പരാതിയും ഇല്ല. ആരും ആരെയും ചതിച്ചിട്ടുമില്ല. എല്ലാവരും സന്തോഷമായി പോകുന്നു. നിങ്ങൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ. പിന്നെ ഒരു കാര്യം ചോദിക്കട്ടെ? ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാൻ നിങ്ങൾക്ക് എങ്ങനെ ആണ് കഴിയുന്നത്. നമിച്ചു. അരി തീർന്നെങ്കിൽ അണ്ണൻമാർക്ക് മാസം അരി ഞാൻ വാങ്ങിത്തരാം”- ഗോപി സുന്ദർ കുറിച്ചു.
എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ നേരിടുന്ന വ്യക്തിയാണ് ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതം എപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. പ്രിയയിൽ നിന്ന് ഗോപി സുന്ദർ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ രണ്ടു ആൺ മക്കളുണ്ട്. ഗോപി സുന്ദറും ഗായിക അഭയ ഹിരണ്മയിയും ഒൻപതു വർഷം ലിവ്ഇൻ റിലേഷനിൽ ആയിരുന്നു.
അഭയയുമായി പിരിഞ്ഞശേഷം ഗോപി സുന്ദർ അമൃത സുരേഷുമായി പ്രണയത്തിലാവുകയും വിവാഹിതരായ തരത്തിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളോ വിഡിയോയോ മ്യൂസിക്ക് ഷോകളോ കാണാതായതോടെ ഇരുവരും വേർപിരിഞ്ഞുവോ എന്ന സംശയം ആരാധകരിലുണ്ട്.
ഇതിനിടെയാണ് അടുത്ത സുഹൃത്തുമായി സ്വിറ്റ്സർലന്റ് യാത്രയിൽ പകർത്തിയ ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചത്. അമൃതയെ കളഞ്ഞു അടുത്ത ആളെ സെറ്റ് ആക്കിയോ എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകൾ. സമൂഹ മാധ്യമങ്ങളിൽ നിന്ന് അവധിയെടുക്കുന്നു എന്നും മനഃസമാധാനത്തിനായി യാത്രകൾ ചെയ്യുകയാണെന്നും രണ്ടുദിവസം മുൻപ് അമൃത സുരേഷ് പ്രഖ്യാപിച്ചിരുന്നു.