പ്രണയ സാഫല്യം; കാളിദാസ് ജയറാം, താരിണി കലിംഗരായർ വിവാഹനിശ്ചയം കഴിഞ്ഞു

Advertisement

നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെയാണ് വിവാഹനിശ്ചയം വിവരം പുറംലോകമറിയുന്നത്. ജയറാം, പാർവ്വതി, മാളവിക എന്നിവർ വിവാഹനിശ്ചയ വേദിയിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം.

താരിണിയെ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന് കഴിഞ്ഞദിവസം പൊതുവേദിയിൽ കാളിദാസ് ജയറാം തന്നെ പറഞ്ഞിരുന്നു. മോഡലായ താരിണി കലിംഗരായരുമായുള്ള പ്രണയം കാളിദാസ് ജയറാം ഷി അവാർഡ് വേദിയിലാണ് വെളിപ്പെടുത്തിയത്. ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ താരിണി കലിംഗരായർക്കൊപ്പം എത്തിയതായിരുന്നു കാളിദാസ് ജയറാം. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 ലെ അവാർഡ് താരിണിക്കായിരുന്നു.

അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നിൽ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാൻ കഴിയില്ലെന്നും അവതാരക പറയുന്നുണ്ട്. ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുന്നു. വിവാഹം കഴിക്കാൻ പോകു‌ന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടർന്നാണ് സൂര്യയുടെ ശബ്ദം അനുകരിച്ച് താരിണിയെ പ്രപ്പോസ് ചെയ്തത്. താരിണി കലിംഗരായരെ കാളിദാസ് എടുത്തുയർന്ന രംഗമാണ് പ്രമോ വിഡിയോയുടെ അവസാനം കാണാനാകുന്നത്.

കഴിഞ്ഞ വർഷമാണ് താരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ താരിണിക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം അന്നു പങ്കുവച്ചത്.

തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും താരിണി ഉണ്ടായിരുന്നു. അതിനുശേഷം കാളിദാസിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും താരിണിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

Advertisement