ന്യൂഡൽഹി: ഒടിടി പ്രേക്ഷേപണ സേവനങ്ങളുടെ നിയന്ത്രണത്തിന് ഏകീകൃത ചട്ടക്കൂട് കൊണ്ടുവരാനായി പുതിയ ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. നെറ്റ്ഫ്ലിക്സ്, ആമസോൺ, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ അടക്കമുള്ള ഒ ടി ടി പ്ലാറ്റ്ഫോമുകളെ നിയന്തിക്കാൻ ലക്ഷ്യമിട്ടാണ് ബിൽ. ഈ ബിൽ പാസായാൽ, ഒ ടി ടി ഭീമൻമാരെ നിയന്ത്രിക്കുന്നതിന് ഉള്ളടക്ക മൂല്യനിർണ്ണയ സമിതികൾ അവതരിപ്പിക്കും. ഇത് സംബന്ധിച്ച കരട് ബിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ പുറത്തിറക്കി. ‘വ്യാപാരം എളുപ്പമാക്കുക, ജീവിതം എളുപ്പമാക്കുക’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഊന്നൽ നൽകിയാണ് കരട് ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് താക്കൂർ പറഞ്ഞു.
ഒ ടി ടി പ്രക്ഷേപണ മേഖലക്ക് നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് നവീകരിക്കുക എന്നത് തന്നെയാണ് കേന്ദ്രം പ്രധാനമായും ലക്ഷ്യമിടുന്നത്. കാലഹരണപ്പെട്ട നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും പകരമായി കാലത്തിന്‍റെ മാറ്റം ഉൾക്കൊണ്ടുള്ള നിയന്ത്രണങ്ങളാണ് പുതിയ ബില്ലിലുള്ളതെന്ന് മന്ത്രി അനുരാഗ് താക്കൂർ വിവരിച്ചു. പുതിയ നിയമത്തിന്റെ ഒരു സുപ്രധാന വശം ‘ഉള്ളടക്ക മൂല്യനിർണ്ണയ സമിതികൾ’ രൂപീകരിക്കുക എന്നതാണ്. നിലവിലുള്ള ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റിയെ ഒരു ‘ബ്രോഡ്‌കാസ്റ്റ് അഡൈ്വസറി കൗൺസിലായി’ മാറ്റുന്നതും ഒ ടി ടി നിയന്ത്രണത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു.