മുംബൈ: ദീപാവലിക്കു ശേഷം പടക്കം പൊട്ടിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത ടെലിവിഷൻ താരം റുബീന ദിലൈക്ക് നേരെ വ്യാപക സൈബറാക്രമണം. ദീപാവലി ആഘോഷങ്ങൾ അവസാനിച്ചതിനാൽ ആളുകൾ പടക്കം പൊട്ടിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് നടി എക്സ് പ്ലാറ്റ്ഫോമിൽ ഒരു കുറിപ്പ് പങ്കുവച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ നടിയുടെ ഇൻസ്റ്റഗ്രാം പേജിലും എക്സ് ടൈംലൈനുകളിലും ഭീഷണികൾ കൊണ്ട് നിറഞ്ഞു. താരം ‘ഹിന്ദു വിരുദ്ധ’ ആണെന്ന ആരോപണവുമുണ്ടായി.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പടക്കം പൊട്ടിക്കുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗർഭിണിയായ റുബീനയുടെ പോസ്റ്റ്. “ദീപാവലി കഴിഞ്ഞു, പടക്കം പൊട്ടിക്കുന്നത് നിർത്തൂ… നവംബർ 10 മുതൽ ഇന്നു പുലർച്ചെ 3 മണി വരെ നിർത്താതെ പടക്കം പൊട്ടിച്ചു. ഇനി മതി….അന്തരീക്ഷ മലിനീകരണമുണ്ടാകുന്നു. ശബ്ദമലിനീകരണം എന്റെ ഉറക്കം കെടുത്തുന്നു.’’– നടി ബുധനാഴ്ച എക്സിൽ കുറിച്ചു.
ഇതിനു താഴെ കമന്റുകൾ നിറഞ്ഞതോടെ വീണ്ടും കുറിപ്പുമായി റുബീന രംഗത്തെത്തി. “ദീപാവലി വിളക്കുകളുടെ ഉത്സവമാണ്, ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയതിന്റെ ആഘോഷമാണ്! പക്ഷേ രാമായണത്തിൽ 10 ദിവസം പടക്കം പൊട്ടിച്ചത് പരാമർശിച്ചിട്ടില്ല. അതിനാൽ കപട ഹിന്ദു പ്രചാരകരേ, പോയി നിങ്ങൾ പണം കൊടുത്തു വാങ്ങിയ അക്കൗണ്ടുകളും വ്യാജ ഐഡികളും പ്രചരിപ്പിക്കാൻ മറ്റാരെയെങ്കിലും കണ്ടെത്തൂ!”– നടി പറഞ്ഞു. ഇതു ഭീഷണിയുടെയും ട്രോളുകളുടെയും പെരുമഴയ്ക്ക് വഴിവച്ചതോടെ പലതിന്റെയും സ്ക്രീൻഷോട്ടുകൾ റുബീന പങ്കുവച്ചു. ഇവർക്ക് മറുപടിയും നൽകി.
ശക്തി– അസ്തിത്വ കേ എഹ്സാസ് കി, ചോട്ടി ബാഹു തുടങ്ങിയ ടിവി പരമ്പരകളിലൂടെ പ്രശസ്തയായ റുബീന ദിലൈക്ക് ബിഗ് ബോസ് ഉൾപ്പെടെയുള്ള ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നടനായ അഭിനവ് ശുക്ലയാണ് റുബീനയുടെ ഭർത്താവ്. ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.