ജനപ്രീതിയിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ള ബോളിവുഡ് താരങ്ങൾ

Advertisement

ഇന്ത്യൻ മുഖ്യധാരാ സിനിമ എന്നുപറഞ്ഞാൽ വിദേശികളെ സംബന്ധിച്ച് ബോളിവുഡ് എന്നായിരുന്നു അർഥം, അടുത്ത കാലം വരെ. എന്നാൽ ഇന്ന് തെന്നിന്ത്യൻ സിനിമകളും വിദേശ മാർക്കറ്റുകളിൽ നേട്ടമുണ്ടാക്കുന്നുണ്ട്.

എന്നിരിക്കിലും ബോളിവുഡിൻറെ ഗ്ലാമർ പൊയ്പ്പോയിട്ടില്ല. ഇന്നും പോസിറ്റീവ് അഭിപ്രായം വന്നാൽ ഒരു ബോളിവുഡ് സിനിമ നേടുന്ന കളക്ഷൻ സ്വന്തമാക്കാൻ തെന്നിന്ത്യൻ സിനിമകൾ പ്രയാസപ്പെടും. സിനിമകൾ ഭാഷാതീതമായി സ്വീകരിക്കപ്പെടുന്ന പാൻ ഇന്ത്യൻ കാലത്ത് ഹിന്ദി ചിത്രങ്ങളുടെ തെന്നിന്ത്യൻ സ്വീകാര്യതയിലും മാറ്റം വന്നിട്ടുണ്ട്. ഷാരൂഖ് ചിത്രങ്ങളും അടുത്തിടെയെത്തിയ രൺബീർ കപൂറിൻറെ അനിമലുമൊക്കെ കേരളത്തിലും മികച്ച കളക്ഷനാണ് നേടുന്നത്. ഹിന്ദി നായകന്മാരുടെ ജനപ്രിയ ലിസ്റ്റ് ആണ് ചുവടെ.

പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ പുറത്തിറക്കിയ ലിസ്റ്റ് ആണ് ഇത്. നവംബർ മാസത്തെ വിലയിരുത്തൽ അനുസരിച്ച് തയ്യാറാക്കിയ ഒന്ന് മുതൽ പത്ത് വരെ സ്ഥാനങ്ങളാണ് പട്ടികയിൽ. ഒന്നാം സ്ഥാനം സംശയലേശമില്ലാതെ കിംഗ് ഖാൻ, ഖാരൂഖ് ഖാന് തന്നെ. രണ്ടാം സ്ഥാനം ആർക്ക് എന്നതാണ് ചോദ്യം. ഖാൻ ത്രയങ്ങളിൽ സമീപകാലത്ത് ടൈഗർ 3 ലൂടെ ഭേദപ്പെട്ട കളക്ഷൻ നേടിയ സൽമാൻ ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് അക്ഷയ് കുമാറും.

അനിമലിലൂടെ സൂപ്പർസ്റ്റാർ പദവി ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രൺബീർ കപൂർ ആണ് നാലാമത്. അഞ്ചാമത് ഹൃത്വിക് റോഷൻ ആണ്. അദ്ദേഹം ഏറെ പ്രതീക്ഷ പുലർത്തുന്ന ചിത്രം ഫൈറ്റർ റിലീസിന് ഒരുങ്ങുകയാണ്. രൺവീർ സിംഗ് ആണ് ആറാമത്. ഏറെക്കാലമായി വിജയങ്ങൾ ഇല്ലാത്ത ആമിർ ഖാൻ ഏഴാമതും കാർത്തിക് ആര്യൻ എട്ടാമതുമാണ്. ഒൻപതാം സ്ഥാനത്ത് അജയ് ദേവ്‍ഗണും പത്താം സ്ഥാനത്ത് സിദ്ധാർഥ് മൽഹോത്രയും.

Advertisement