ശക്തിമാന്‍ പ്രോജക്ട് ഓണ്‍….

Advertisement

തൊണ്ണൂറുകളില്‍ മിനിസ്‌ക്രീനുകളില്‍ പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ട പരമ്പരയായിരുന്നു ശക്തിമാന്‍. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു. ശക്തിമാന്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനാകുന്ന ‘ശക്തിമാന്‍’ എന്ന ചിത്രം നിര്‍ത്തിവെച്ചതായുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്. ഏകദേശം 550 കോടി ബജറ്റില്‍ ഇറങ്ങുന്ന ചിത്രം വിജയിച്ചില്ലെങ്കില്‍ വന്‍ നഷ്ടത്തിലാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സോണി ചിത്രം ഉപേക്ഷിച്ചെന്നായിരുന്ന വാര്‍ത്തകള്‍.
വിഷയം വന്‍ ചര്‍ച്ചയായതിന് പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് സോണി പിക്ചേഴ്സിന്റെ ജനറല്‍ മാനേജറും ഹെഡുമായ ലാഡ സിംഗ്. പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ശക്തിമാന്‍ പ്രോജക്ട് ഓണ്‍ ആണെന്നുമാണ് ലാഡ സിംഗ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. രവി വര്‍മനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്ത അമാനുഷിക നായകന്‍ സ്‌ക്രീനിലേക്ക് എത്തുന്നതിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.