നിഷ്കളങ്ക ഹാസ്യം മുഖമുദ്രയാക്കിയ കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് ഇന്ന് 14 വർഷം. 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിന്‍ ഹനീഫയ്ക്ക് മലയാള സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിനൽകിയത്. കരള്‍ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചിൻ ഹനീഫ മലയാള സിനിമാലോകത്ത് ബാക്കിവച്ചു പോയ വിടവ് ഇപ്പോഴും നികത്താനായിട്ടില്ല.
മലയാള സിനിമാ പ്രേക്ഷകരുടെ മനസിലേക്കെത്തുന്ന കൊച്ചിൻ ഹനീഫയുടേതായ കഥാപാത്രങ്ങൾ നിരവധിയാണ്. കിരീടത്തിലെ ഹൈദ്രോസായും മന്നാര്‍ മത്തായിയിലെ എൽദോയായും പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയായും ഹിറ്റ്ലറിലെ ജബ്ബാറായുമൊക്കെ കൊച്ചിൻ ഹനീഫ അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍.
കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മുഹമ്മദിന്റെയും ഹാജിറയുടെയും മകനായി ജനിച്ച ഹനീഫ ബോട്ടണി ബിരുദധാരിയാണ്. സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലെയും കോളേജിലെയും വിദ്യാഭ്യാസ കാലത്ത് മോണോ ആക്ടിലൂടെയായിരുന്നു താരത്തിന്റെ രംഗപ്രവേശം. ‘അഴിമുഖം’ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം. തുടർന്ന് വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായുമൊക്കെ മലയാളസിനിമയുടെ ലോകത്ത് അദ്ദേഹം നിറഞ്ഞു നിന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ 300 ഓളം ചിത്രങ്ങളിലാണ് ഈ പ്രതിഭ വേഷമിട്ടത്. മലയാളികള്‍ക്ക് മുന്നില്‍ കൊച്ചിന്‍ ഹനീഫയായി തിളങ്ങി നില്‍ക്കുമ്പോള്‍ തമിഴ്‌നാട്ടുകാരുടെ സ്വന്തം വി.എം.സി ഹനീഫയായിരുന്നു ഇദ്ദേഹം.
നടൻ എന്നതിനപ്പുറം തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് കൊച്ചിൻ ഹനീഫ.
Home Lifestyle Entertainment നിഷ്കളങ്ക ഹാസ്യം മുഖമുദ്രയാക്കിയ കൊച്ചിൻ ഹനീഫയുടെ ഓർമ്മകൾക്ക് ഇന്ന് 14 വയസ്സ്