സിബിഐ ഡയറിക്കുറിപ്പിനു പിന്നിലെ മാസ്റ്റര്‍ മൈന്‍ഡ് , എസ്എന്‍ സ്വാമി പറയുന്നു

Advertisement

കാക്കിയും അടിയും വെടിയും ഡിറ്റക്ടീവുമല്ലാതെ കുറ്റാന്വേഷണ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ പുതിയ ഒരു രൂപവും ഭാവവും നല്‍കിയ ചിത്രമായിരുന്നു മമ്മൂട്ടി-കെ.മധു-എസ്.എന്‍ സ്വാമി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ സിബിഐ സീരീസുകള്‍.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(സിബിഐ) ഉദ്യോഗസ്ഥനായ സേതുരാമയ്യരായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ഇന്‍വസ്റ്റിഗേഷന്‍ ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് സിബിഐ ചിത്രങ്ങള്‍ ഇടംപിടിച്ചു. ഒരു സിബിഐ ഡയറിക്കുറിപ്പ്(1988), ജാഗ്രതാ(1989), സേതുരാമയ്യര്‍ സി.ബി.ഐ(2004), നേരറിയന്‍ സി.ബി.ഐ(2005), CBI 5(2022) എന്നിങ്ങനെ അഞ്ച് ചിത്രങ്ങള്‍ മമ്മൂട്ടി-കെ.മധു-എസ്.എന്‍ സ്വാമി കൂട്ടുക്കെട്ടില്‍ പിറവിയെടുത്തു. ഇപ്പോഴിതാ, സിബിഐ സിനിമകള്‍ സംഭവിച്ചതിന്റെ പിന്നിലെ കഥയും മമ്മൂട്ടിയോടുള്ള തന്റെ വിശ്വാസവും തുറന്നു പറയുകയാണ് എസ്.എന്‍ സ്വാമി.

‘കോണ്‍ഫിഡന്‍സും മോട്ടിവേഷനും എനിക്ക് തന്ന ആളാണ് മമ്മൂട്ടി. പല ആപത്തുകളില്‍ നിന്നും എന്നെ രക്ഷിച്ച ആളാണ് അദ്ദേഹം. എനിക്ക് മമ്മൂട്ടിയെ ഒരു സംശയവുമില്ലാത്ത വിശ്വാസമാണ്. ഞാന്‍ അനുഭവം കൊണ്ട് പഠിച്ച ആളാണ്. ഇരുപതാംനൂറ്റാണ്ടിന് ശേഷമാണ് സിബിഐ ഉണ്ടാകുന്നത്. ഞാന്‍ ആദ്യം എഴുതിയത് ഒരു പോലീസുകാരന്റെ കഥയായിരുന്നു. കഥയെല്ലാം കേട്ട ശേഷം മമ്മൂട്ടി പറഞ്ഞു, നല്ല കഥയാണ് പക്ഷെ പോലീസ് വേണ്ട. താനിപ്പോള്‍ ആവനാഴി എന്ന് പറഞ്ഞ പോലീസ് ചിത്രം ചെയ്തിട്ടിരിക്കുകയാണ്. ടി ദാമോധരന്റെ എല്ലാ അസ്ത്രങ്ങളും അതിലുണ്ട്. സ്വാമിയുടെ പോലീസ് കഥ അതിന് മേല്‍ വരില്ല. സ്വാമി സിബിഐ ട്രൈ ചെയ്യൂ എന്ന് മമ്മൂട്ടി പറഞ്ഞു. അന്നെനിക്ക് സിബിഐയുടെ ഫുള്‍ഫോം പോലും അറിയില്ലായിരുന്നു’.

‘എറണാകുളത്തെ എന്റെ സുഹൃത്തുക്കള്‍ വഴി സിബിഐയിലെ ചിലരെ ഞാന്‍ പരിചയപ്പെട്ടു. അവര്‍ എനിക്ക് സിബിഐയുടെ അന്വേഷണ രീതികളെല്ലാം പറഞ്ഞു തന്നു. അതോടെ ഞാന്‍ ആവേശഭരിതനായി. അതുവരെ പറഞ്ഞുകൊണ്ടിരുന്ന പോലീസിന്റെ കഥയല്ല സിബിഐയ്ക്ക് പറയാനുണ്ടായിരുന്നത്. അത് വച്ച് ഞാന്‍ കഥ ഉണ്ടാക്കി. സിനിമയിലെ ഹീറോയുടെ പേര് ഖലി ഇമ്രാന്‍ എന്നായിരുന്നു. മമ്മൂട്ടിയാണ് ആ കഥാപാത്രത്തെ സ്വാമി ആക്കിയത്. അദ്ദേഹം അത് പറഞ്ഞ് നമ്മളെ ബോദ്ധ്യപ്പെടുത്തുന്നത് കേട്ടാല്‍ അന്തം വിട്ടുപോകും.അത്ര തന്മയത്വമായാണ് മമ്മൂട്ടി കഥമനസിലാക്കുന്നത്. സിനിമ ചെയ്യുന്നു എന്ന് പുറത്തറിഞ്ഞതോടെ എല്ലാവരും നമ്മളെ തളര്‍ത്താന്‍ ശ്രമിച്ചു’.

‘സ്വാമി പോലീസോ? ഇരുപതാംനൂറ്റാണ്ട് പോലൊരു സിനിമ ചെയ്തിട്ട് ഇതുപോലൊരു കഥ ഒരു സ്വാമിയായ കഥാപാത്രത്തെ വച്ച് ചെയ്യാന്‍ പോകുന്നോ എന്നൊക്കെ ആള്‍ക്കാര്‍ ചോദിച്ചു. എല്ലാ കോണുകളില്‍ നിന്നും എന്നെ തളര്‍ത്തുകയായിരുന്നു. ശരിക്കും എല്ലാവരും കൂടി എന്നെ പേടിപ്പിച്ചു. ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ ആര് എന്ത് പറഞ്ഞാലും നമ്മള്‍ ഇത് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴത്തെ പ്രൊഡ്യൂസറെ കിട്ടിയില്ലെങ്കില്‍ പത്ത് പ്രൊഡ്യൂസറെ ഞാന്‍ തരും എന്ന് മമ്മൂട്ടി പറഞ്ഞു. അത്ര കോണ്‍ഫിഡന്‍സും മോട്ടിവേഷനും എനിക്ക് തന്ന ആളാണ് മമ്മൂട്ടി’- എസ്.എന്‍ സ്വാമി പറഞ്ഞു.