കൊറിയന്‍ ലാലേട്ടന്‍.. വിവാഹിതനാകുന്നു

Advertisement

കൊറിയന്‍ സിനിമാലോകത്തെ ഡോണ്‍ ലീ എന്നറിയപ്പെടുന്ന സൂപ്പര്‍താരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവര്‍. അടുത്തമാസമായിരിക്കും വിവാഹം. 2021ല്‍ ഇരുവരും രഹസ്യമായി വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.
കുടുംബത്തിന്റെയും, ബന്ധുക്കളുടെയും, അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സ്വകാര്യ ചടങ്ങായി വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 2022ല്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ യി ജുങ്ങിനെ ഡോണ്‍ ലീ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും രജിസ്റ്റര്‍ വിവാഹം കഴിഞ്ഞുവെന്നുമുള്ള വാര്‍ത്ത ആരാധകര്‍ക്കിടയില്‍ പരക്കുന്നത്.
മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. ദ റൌണ്ടപ്പ്, ഔട്ട് ലോസ് പോലുള്ള ചിത്രങ്ങളിലെ ഇദ്ദേഹത്തിന്റെ ഇടിയന്‍ പൊലീസ് വേഷങ്ങള്‍ ഏറെ പ്രശസ്താമാണ്. ഏറ്റെണല്‍സ് അടക്കം ഹോളിവുഡ് ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെ കൊറിയന്‍ സിനിമ ചര്‍ച്ച ഗ്രൂപ്പുകളില്‍ കൊറിയന്‍ ലാലേട്ടന്‍ എന്ന വിളിപ്പേര് പോലും ഇദ്ദേഹത്തിനുണ്ട്.