രണ്ടു പതിറ്റാണ്ടിനിപ്പുറവും ഒരു വിജയ് സിനിമ വീണ്ടും തീയറ്ററില്‍.. ‘ഗില്ലി’ക്ക് റെക്കോഡ് പ്രീ ബുക്കിങ് സെയില്‍

Advertisement

ഏപ്രില്‍ 20ന് ഇരുപത് വര്‍ഷത്തിനുശേഷം വിജയ് ചിത്രം ‘ഗില്ലി’യുടെ റീ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിന് പ്രീ ബുക്കിങ്ങില്‍ റെക്കോഡ് സെയിലാണ് ഉണ്ടായിരിക്കുന്നത്. 50 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞു. തമിഴില്‍ നിരവധി ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച വിജയ്യെ സംബന്ധിച്ചിടത്തോളം ‘ഗില്ലി’ വളരെ പ്രധാനപ്പെട്ട സിനിമയാണ്. 2004ല്‍ റിലീസ് ചെയ്ത ഗില്ലിയാണ് 50 കോടി കളക്ഷന്‍ നേടുന്ന വിജയ്യുടെ ആദ്യ സിനിമ. തമിഴ്നാട്ടില്‍ ഏറ്റവും തരംഗമുണ്ടാക്കാന്‍ പോകുന്ന റീ റിലീസായിട്ടാണ് ഗില്ലിയെ പ്രേക്ഷകര്‍ കാണുന്നത്. ലോകത്തെമ്പാടും റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുകയാണ്.
മുമ്പെങ്ങുമുണ്ടാകാത്തതരം പ്രതികരണമാണ് അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. പ്രീറിലീസ് തന്നെ സിനിമ 50 ലക്ഷം രൂപയുടെ കച്ചവടം നടത്തി എന്നതുകൊണ്ട് തന്നെ റീ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും കൂടിയ ആദ്യദിന കളക്ഷനാണ് സിനിമയ്ക്ക് പ്രതീക്ഷിക്കുന്നത്. പല തീയേറ്ററുകളും ബുക്കിങ് ആരംഭിക്കാനിരിക്കെ മിക്കവാറും ആദ്യദിനം മൂന്ന്- നാല് കോടി രൂപവരെ കളക്ഷനുണ്ടാകാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. രണ്ടു പതിറ്റാണ്ടിനിപ്പുറവും ഒരു വിജയ് സിനിമ തീയറ്ററില്‍ ഓളങ്ങള്‍ സൃഷ്ടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍.

Advertisement