മലയാളത്തിന്റെ അഭിനയേതിഹാസത്തിന് 64-ാം പിറന്നാള്‍

Advertisement

മലയാളത്തിന്റെ അഭിനയേതിഹാസത്തിന് 64-ാം പിറന്നാള്‍. മലയാള ചരിത്രത്തില്‍ നടനത്തിന്റെ കിരീടം നേടിയെടുക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്ന മഹാനടനെ മലയാള സിനിമ ഉള്ള കാലം മലയാളിക്ക് മറക്കാനാവില്ല.
വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് ജനനം. തിരുവനന്തപുരത്തുള്ള മുടവന്‍മുകളിലെ തറവാട്ടു വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. മുടവന്‍മുകളിലുള്ള സ്‌കൂളിലാണ് വിദ്യാഭ്യാസകാലം ആരംഭിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരം മോഡല്‍ സ്‌കൂളിലും എംജി കോളേജിലുമായി പഠനം പൂര്‍ത്തീകരിച്ചു. മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിര്‍മ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

മോഹന്‍ലാല്‍ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്‌ബോള്‍ മോഹന്‍ലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തില്‍ വില്ലന്‍ വേഷമായിരുന്നു മോഹന്‍ലാലിന്. ശങ്കര്‍ ആയിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം മോഹന്‍ലാലിന് ധാരാളം അവസരങ്ങള്‍ ലഭിക്കുകയുണ്ടായി. 1983-ല്‍ 25-ഓളം ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയുണ്ടായി. വില്ലനില്‍ നിന്നും നായകനിലേക്കുള്ള വളര്‍ച്ച ചരിത്രവും ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രിയും ആകേണ്ടതു തന്നെ. ലാലിനുംവേണ്ടി വേഷങ്ങളുമായി മലയാള സിനിമ കാത്തിരിക്കുകയും അത് അരങ്ങേറുമ്പോള്‍ ജനം സ്വയം മറന്ന് കയ്യടിക്കുകയും ചെയ്തു. തൊഴില്‍ രഹിതന്‍, ദരിദ്ര ഉദ്യോഗസ്ഥന്‍ ,പ്രമാണി, നാട്ടുരാജാവ്, മാഫിയാ തലവന്‍, നര്‍ത്തകന്‍, ഡോക്ടര്‍, കോണ്‍ട്രാക്ടര്‍, ഓട്ടോക്കാരന്‍,വേട്ടക്കാരന്‍,ആര്‍മി ക്യാപ്ടന്‍, പൊലീസ് ഓഫീസര്‍,കമാന്‍ഡോ, നേതാവ്, മന്ത്രി, അധ്യാപകന്‍ എന്നിങ്ങനെ ലാലിലെ നടനവിസ്മയം പൂത്തുവിടര്‍ന്നത് വിസ്മയത്തോടെയാണ് മലയാളികള്‍ ആസ്വദിച്ചത്.

1986 മുതല്‍ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സംവിധാനവും, അഭിനയവും കൂടി ചേര്‍ന്ന നല്ല ചലച്ചിത്രങ്ങള്‍ കൂടുതലായും പിറവിയെടുത്തത്. ഈ കാലഘട്ടത്തിലാണ് മോഹന്‍ലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങള്‍ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തില്‍ മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവര്‍ത്തിക്കാന്‍ മോഹന്‍ലാലിന് സാധിച്ചു.

മലയാള ചലച്ചിത്ര വേദിയില്‍ മോഹന്‍ലാലിന്റെ മികച്ച വര്‍ഷങ്ങളില്‍ ഒന്നാണ് 1986. ഈ വര്‍ഷത്തില്‍ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലന്‍ എം.എ. എന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രം മോഹന്‍ലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വന്‍ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നു. മോഹന്‍ലാല്‍ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്ബി കണ്ണന്താനം ആയിരുന്നു. ഇതേ വര്‍ഷം തന്നെയാണ് മാനസിക നില തെറ്റിയ യുവാവായി താളവട്ടത്തിലൂടെ എത്തിയത്.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്. 1997-ലാണ് മോഹന്‍ലാല്‍, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന തമിഴ് ചലച്ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ എം.ജി.ആറിന്റെ വേഷത്തില്‍ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത് എന്നത് ചരിത്രം. ഇതിനു ശേഷമാണ് മോഹന്‍ലാല്‍ മലയാള ഭാഷേതര ചിത്രങ്ങളില്‍ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്ബനി എന്ന ചിത്രത്തില്‍ 2002-ല്‍ അഭിനയിച്ചു.

2007-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ രാം ഗോപാല്‍ വര്‍മ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹന്‍ലാലാണ്. 2009-ല്‍ കമലഹാസനോടൊപ്പം തമിഴില്‍, ഉന്നൈ പോല്‍ ഒരുവന്‍ എന്ന ചിത്രത്തിലും ലാല്‍ അഭിനയിച്ചു. ഒരു ഹിന്ദി ചിത്രമായ എ വെനസ്ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം. തമിഴില്‍ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രം ഹിന്ദിയില്‍ അനുപം ഖേര്‍ ആണ് അവതരിപ്പിച്ചത്. 2014-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയില്‍ വിജയ്ക്ക് ഒപ്പം നായക തുല്യമായ വേഷത്തില്‍ അഭിനയിച്ചു.അഭിനയ സാമ്രാജ്യത്തില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച സിംഹാസനവും കിരീടവും ഇന്നും ഇളക്കമില്ലാതെ തുടരുകയാണ്.

Advertisement