വിവേക് ഒബ്‌റോയ്….ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നടൻമാരിലൊരാൾ.. അടുത്ത കാലത്തായി മലയാള സിനിമയിൽ ചില വില്ലൻ വേഷങ്ങളിൽ വിവേക് തിളങ്ങിയിരുന്നു. ഇപ്പോഴിതാ നടൻ നടത്തിയിരിക്കുന്ന ഒരു തുറന്നു പറച്ചിലാണ് ചർച്ചയാകുന്നത്. ബോളിവുഡിൽ താൻ ലോബിയിങ്ങിന് ഇരയാണെന്നാണ് വിവേക് പറഞ്ഞിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
“കുറച്ചുകാലമായി ഞാൻ മറ്റ് ബിസിനസ്സുകൾ ചെയ്യുകയാണ്. എൻ്റെ സിനിമകൾ ഹിറ്റായിരുന്നു ഒരു കാലഘട്ടം എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്റെ പ്രകടനം അഭിനന്ദിക്കപ്പെട്ടിട്ടും മറ്റ് കാരണങ്ങളാൽ റോൾ ലഭിക്കാതെയായി. നമ്മൾ ഒരു സിസ്റ്റത്തിൻ്റെയും ലോബിയുടെയും ഇരയാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
അപ്പോൾ നമ്മുടെ മുൻപിൽ രണ്ട് ഓപ്ഷനുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ഒന്നുകിൽ വിഷാദത്തിലാകുക അല്ലെങ്കിൽ അതൊരു വെല്ലുവിളിയായി എടുത്ത് നിങ്ങളുടെ സ്വന്തം വിധി എഴുതുക. മറ്റൊരു വഴിയിലൂടെ നടക്കുക എന്നതാണ് ഞാൻ തിരഞ്ഞെടുത്തത്. അങ്ങനെ നിരവധി ബിസിനസുകൾ തുടങ്ങുകയും ചെയ്തു”- നടൻ പറഞ്ഞു.
“എനിക്കൊരുപാട് വിജയങ്ങൾ ലഭിച്ചു, കരിയറിൽ ഒരുപാട് അവാർഡുകളെന്നെ തേടിയെത്തി. പക്ഷേ പെട്ടെന്ന് അതെല്ലാം ആവിയായിപ്പോയി. നീ ഇനി ഇവിടെ ഒരിക്കലും ജോലി ചെയ്യാൻ പോകുന്നില്ലെന്ന് ബോളിവുഡിലെ വളരെ പവറുള്ള ആളുകൾ തീരുമാനിച്ചു.
എനിക്കൊരുപാട് വിഷമവും നിരാശയും അമർഷവുമൊക്കെ ഉണ്ടായി. ഒരു ഇരയെപ്പോലെ തോന്നി. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു”.- വിവേക് കൂട്ടിച്ചേർത്തു. യുവ, സാതിയ, കമ്പനി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു വിവേക് ഒബ്‌റോയ്.
2003 ൽ നടൻ സൽമാൻ ഖാൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടത്തിയ പത്രസമ്മേളനത്തിന് ശേഷമാണ് താരത്തിന്റെ കരിയർ തകർന്നു തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഐശ്വര്യ റായിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സൽമാൻ ഭീഷണിപ്പെടുത്തിയതെന്നായിരുന്നു വിവേകിന്റെ ആരോപണം.
എന്നാൽ അനാവശ്യമായ പല കാര്യങ്ങളിലൂടെ താൻ കടന്നുപോയെന്ന് പിന്നീട് ഒരഭിമുഖത്തിൽ വിവേക് സമ്മതിക്കുകയും ചെയ്തിരുന്നു. രോഹിത്ത് ഷെട്ടി ഒരുക്കിയ ഇന്ത്യൻ പൊലീസ് ഫോഴ്സ് ആണ് വിവേക് ഒബ്‌റോയ്‌യുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയത്. സീരിസുകളിലാണ് താരമിപ്പോൾ കൂടുതലും അഭിനയിക്കുന്നത്.