കഠിനാധ്വാനത്തിന്റെ ഫലം ദേശീയ പുരസ്‌കാരമായി ഋഷഭിന്റെ കൈകളില്‍…. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികത കാന്താര

Advertisement

മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികതയിലൂടെ ഇന്ത്യന്‍ സിനിമയെ ഒന്നാകെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു ഋഷഭ് ഷെട്ടിയുടെ കാന്താര. ചിത്രത്തിന്റെ അവസാന നിമിഷങ്ങളില്‍ രൗദ്രത്തിന്റെയും ശാന്തത്തിന്റെയും രണ്ട് തലങ്ങളില്‍ ഋഷഭിന്റെ കഥാപാത്രം നടത്തുന്ന പരകായപകര്‍ന്നാട്ടം സിനിമ പ്രേമികളെ തിയേറ്ററുകളില്‍ പിടിച്ചിരുത്തി.
ചിത്രം എഴുതി സംവിധാനം ചെയ്തതിന് പുറമെ, ഋഷഭ്‌ഷെട്ടി തന്നെയാണ് മുഖ്യവേഷത്തില്‍ എത്തിയത്. മൂന്ന് മേഖലയിലും അസാമാന്യമായ മികവ് പ്രകടിപ്പിച്ച ഋഷഭ്, കമ്പാള എന്ന പോത്തോട്ടത്തില്‍ ഏതൊരു എക്‌സ്പീരിയന്‍സ്ഡ് പോരാളിയെയും വെല്ലുന്നരീതിയിലായില്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. ശിവ എന്ന കഥാപാത്രമായി മറ്റാരെയും സങ്കല്‍പിക്കാന്‍ ആകാത്തവിധം ആ വേഷം മനോഹരമാക്കി. ഈ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ദേശീയ പുരസ്‌കാരമായി ഋഷഭിന്റെ കൈകളിലെത്തുന്നത്.
37 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു കന്നഡ നടന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 1987 ലാണ് നടന്‍ കമല്‍ഹാസന്റെ സഹോദരന്‍ ചാരു ഹാസന്‍ ‘തബരണ കേറ്റ്’ എന്ന കന്നഡ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ദേശീയ അവാര്‍ഡ് നേടിയത്. 16 കോടി മുതല്‍മുടക്കിലെടുത്ത ചിത്രം 400 കോടിയിലേറെയാണ് രാജ്യത്താകെ നിന്ന് കളക്ട് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് റിലീസ് ചെയ്ത മലയാളം മൊഴിമാറ്റ പതിപ്പ് കേരളത്തിലും ഹിറ്റായി. പ്രേക്ഷകരെ മാത്രമല്ല, രാജ്യത്തെ പ്രമുഖ താരങ്ങളെ ഒന്നാകെ ഞെട്ടിക്കുന്ന അസാധ്യ പ്രകടനമായിരുന്നു ഋഷഭിന്റേത്. പ്രകൃതിയില്‍ ദൈവികത ദര്‍ശിക്കുന്ന അതിവിശിഷ്ടമായ പ്രാദേശികമായ ഒരു സംസ്‌കാരത്തെ പാന്‍ ഇന്ത്യന്‍ തലത്തില്‍ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു കാന്താരയിലൂടെ ഋഷഭ്.

Advertisement