‘വിരമിക്കുന്ന സിദ്ദിഖിന് നടിമാരുടെ യാത്രയയപ്പ്’; ട്രോൾ വിഡിയോയിൽ പ്രതികരിച്ച് ബീന ആന്റണി

Advertisement

നടൻ സിദ്ദിഖിനൊപ്പം പ്രചരിക്കുന്ന വിഡിയോയെപ്പറ്റിയുള്ള വിശദീകരണവുമായി നടി ബീന ആന്റണി. സിദ്ദിഖിന്റെ മകൻ സാപ്പി മരിച്ചതിനു ശേഷം അദ്ദേഹത്തെ ‘അമ്മ’ മീറ്റിങിൽ വച്ചു കണ്ടപ്പോൾ ആശ്വസിപ്പിക്കുന്ന വിഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് നടി പറയുന്നു. സിദ്ദിഖിന്റെ മകനെ കുഞ്ഞായിരുന്നപ്പോൾ മുതൽ അറിയുന്നതാണ്. അദ്ദേഹം തന്നെ ഒരു സഹോദരിയെപ്പോലെ ആണ് കണ്ടിരുന്നതെന്നും ബീന പറയുന്നു. സിദ്ധിഖിനെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കുകയും തെറ്റുകാരാണെന്നു കണ്ടെത്തിയാൽ ശിക്ഷിക്കുകയും വേണം. പക്ഷേ തന്റെ പേരിൽ നടക്കുന്ന വ്യക്തിഹത്യ ഒഴിവാക്കണമെന്ന് ബീന ആന്റണി പറയുന്നു.

https://www.instagram.com/imbeena.antony/?utm_source=ig_embed&ig_rid=3500fde7-e50f-47e8-92f2-c92021a0d915

‘‘സിനിമാ മേഖല വല്ലാത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയമാണ് ഇത്. ‘അമ്മ’യിൽ നിന്ന് എല്ലാവരും കൂട്ട രാജി വയ്ക്കുകയുണ്ടായി. ഞങ്ങൾക്കെല്ലാം തന്നെ വിഷമവും ഉത്കണ്ഠയും ഉണ്ട്. ഞാൻ ഇപ്പോൾ വന്നത് വേറൊരു കാര്യം പറയാനാണ്. ഇന്നലെ എന്റെ ഒരു വിഡിയോ പ്രചരിക്കുകയുണ്ടായി. അത് എന്റെയും ഭർത്താവിന്റെയും ഒക്കെ കുടുംബ ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ ആ വിഡിയോ വൈറലാണ്. ഒരുപാടുപേര് എനിക്ക് ആ വിഡിയോ അയച്ചു തന്നു. ഇത് ഒരു ട്രോൾ ആയി എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഒരു വ്യക്തത വരുത്താൻ വേണ്ടിയാണ് ഞാൻ ഈ വിഡിയോ ഇടുന്നത്.

സിദ്ദിഖ് ഇക്കയുടെ മകൻ സാപ്പി മരിച്ച സമയത്ത് എന്റെ സഹപ്രവർത്തകർ എല്ലാം അവിടെ പോയിരുന്നു. ആ സമയത്ത് എനിക്ക് പോകാൻ പറ്റിയില്ല. എനിക്ക് പനിയായി കിടപ്പായിരുന്നു. പിന്നെ ഞങ്ങൾ കാണുന്നത് ‘അമ്മ’യുടെ ജനറൽ ബോഡിക്ക് ആണ്. അവിടെ ചെന്നപ്പോൾ സിദ്ദിഖ് ഇക്ക താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു. ഞാൻ അദ്ദേഹത്തെ പോയി കണ്ടു സംസാരിച്ച ഒരു ദൃശ്യമാണ് നിങ്ങൾ കാണുന്നത്. സാപ്പിയെ കുഞ്ഞായിരിക്കുമ്പോൾ മുതൽ എനിക്ക് അറിയുന്നതാണ്. അവൻ കുഞ്ഞായിരുന്നപ്പോൾ ഞാനും എന്റെ അമ്മച്ചിയും കൂടി സിദ്ദിഖ് ഇക്കയുടെ വീട്ടിൽ പോവുകയും ഇക്കയുടെ മരിച്ചുപോയ ഭാര്യയും ഉമ്മയും ഒക്കെ ആയി സംസാരിക്കുകയും അവർ തന്ന ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്.

എനിക്കു വേണ്ടി ഇക്കയുടെ ഉമ്മ ഒരു പരിപ്പുകറി ഉണ്ടാക്കി വച്ചിരുന്നു. സാപ്പിയെ അന്ന് ഒരുപാട് ലാളിച്ചിട്ടാണ് വന്നത്. പിന്നെ ഒരുപാടു തവണ അവനെ കണ്ടിട്ടുണ്ട്. ഈ അടുത്തിടയ്ക്കും അവനും അവന്റെ സഹോദരനും ഒരുമിച്ച് പോകുന്നത് കണ്ടു ഞാൻ സാപ്പി എന്ന് വിളിച്ചപ്പോൾ ‘ബീനാന്റി’ എന്ന് വിളിച്ചു കൈ കാണിച്ചു, അന്നാണ് ഞാൻ അവനെ ഒടുവിൽ കണ്ടത്. പിന്നീട് അവൻ മരണപ്പെട്ടു എന്നറിഞ്ഞു. മരണം എന്നത് ഓരോ ആളിനെയും ജീവിതത്തിൽ നടക്കുമ്പോൾ മാത്രമേ അതിന്റെ ദുഃഖം അറിയാൻ പറ്റൂ. പുറത്തു നിൽക്കുന്നവർക്ക് അത് തമാശ ആയിരികും.

എന്റെ അപ്പച്ചൻ മരിച്ചപ്പോഴും എന്റെ ചേച്ചിയുടെ മകൻ മരിച്ചപ്പോഴും ഇക്ക എന്നെ വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. ഒരു സഹോദരി എന്ന നിലയിൽ ആണ് അദ്ദേഹം എന്നെ കാണുന്നത്. ഇക്കയുടെ പേരിൽ ഒരു ആരോപണം വന്നു, ഒരു സ്ത്രീ വന്ന് പലതും പറഞ്ഞു. അവർക്ക് അങ്ങനെ സംഭവിച്ചെങ്കിൽ നിയമത്തിന്റെ മുന്നിൽ വരട്ടെ. സിദ്ദിക്ക് ഇക്ക അങ്ങനെ ചെയ്തെങ്കിൽ ശിക്ഷ കിട്ടട്ടെ. ഞാൻ അതിലേക്ക് ഒന്നും പോകുന്നില്ല. മരണം എന്നത് ആർക്കും വിദൂരമല്ല. നാളെ എന്ത് സംഭവിക്കുന്നു എന്നത് ആർക്കും അറിയില്ല. അദ്ദേഹത്തിന്റെ വേദനയിൽ ഞാൻ പങ്കുചേർന്നതാണത്. അതിനെ എടുത്ത് വലിയ തലക്കെട്ട് ഒക്കെ ഇട്ട്, ‘വിരമിക്കുന്ന സിദ്ദിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ്’ എന്നൊക്കെ ആക്കി വരുമ്പോൾ ഒരുപാട് സങ്കടം തോന്നി. ഇതൊന്നും അറിയാത്ത പ്രേക്ഷകർ അറിയാൻ വേണ്ടിയാണ് ഞാൻ പറയുന്നത്. ഇതാണ് സംഭവം. ഇതിനെയാണ് വളച്ചുകെട്ടി ട്രോള്‍ ആക്കി ഇങ്ങനെ ഒക്കെ പറയുന്നത്. വലിയ സങ്കടം തോന്നിയതുകൊണ്ടാണ് ഞാൻ ഇത് ഇവിടെ വന്നു പറഞ്ഞത്.’’ ബീന ആന്റണി പറഞ്ഞു.