അല്പ മുതിർന്ന ഭാര്യ വേഷങ്ങളാണ് മഞ്ജുവിന് തമിഴ് സിനിമാ ലോകത്ത് കിട്ടുന്നത്, ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നൊക്കെ പറയുന്നവർ ഇത് കാണണം. വേറെ ലെവൽ മഞ്ജു വാര്യരെ ഈ ഗാനരംഗത്ത് കാണാം
മഞ്ജു വാര്യരും രജിനികാന്തും
മാറിയ സിനിമയെയും സിനിമാക്കാരെയും ഒന്നും എനിക്കറിയില്ല, എങ്ങനെ നിലനിൽക്കുമെന്നും അറിയില്ല, ജനങ്ങൾ സ്വീകരിക്കണമെന്നാണ് പ്രാർത്ഥന എന്ന് പറഞ്ഞുകൊണ്ടാണ് 2014 ൽ മഞ്ജു വാര്യർ രണ്ടാം ഇന്നിങ്‌സ് നടത്തിയത്. പിന്നെ കണ്ടത് മഞ്ജുവിന്റെ ഒരു ഡ്രാസ്റ്റിക് ചെയ്ഞ്ച് ആയിരുന്നു. മഞ്ജു വാര്യർക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കും വിധമുള്ള അഭിനയവും അതിനപ്പുറത്തെ ലുക്കും.
മലയാളത്തിൽ മാത്രമല്ല, തമിഴകത്തും ബോളിവുഡിലും മഞ്ജു സജീവമാവുകയാണ്. ധനുഷ്, അജിത്ത് തുടങ്ങിയവർക്കൊപ്പമൊക്കെ അഭിനയിച്ച് തമിഴകത്തിന്റെ മനസ്സ് കീഴടക്കി. ഇനി വരാനിരിയ്ക്കുന്നത് വിജയ് സേതുപതി, രജിനികാന്ത് തുടങ്ങിയവർക്കൊപ്പമുള്ള സിനിമകളാണ്. വേട്ടയൻ എന്ന സിനിമയിൽ രജിനികാന്തിന്റെ ഭാര്യയായിട്ടാണ് താൻ അഭിനയിക്കുന്നത് എന്ന് നേരത്തെ മഞ്ജു വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതിത്ര എനർജറ്റിക് ആയ ഒരു ഭാര്യയായിരിക്കും എന്നാരും പ്രതീക്ഷിച്ചില്ല.
വേറെ ലെവൽ ഒരു മഞ്ജു വാര്യരെയാണ് ഗാനരംഗത്ത് കാണുന്നത്. ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിയ്ക്കുന്നത് എങ്കിലും, ഗാനരംഗത്തെ ചില ചുവടുകൾ ഒക്കെ മിക്‌സ് ചെയ്തിട്ടുണ്ട്. ഇത് നമ്മുടെ മഞ്ജു വാര്യർ തന്നെയാണോ എന്ന് ചോദിച്ച് കമന്റിൽ മലയാളികളായ ആരാധകരും എത്തുന്നു. സാരിയുടുത്ത്, കൂളിങ് ഗ്ലാസൊക്കെ വച്ച് ഇതുവരെ കാണാത്ത ഒരു മഞ്ജുവിനെ ഗാനരംഗത്ത് കാണാം. തിരിച്ചുവരവിൽ ഇതിന്റെ ഒരു കുറവ് കൂടെ ഉണ്ടായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം.
ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ചേട്ടൻ വന്നല്ലേ എന്ന പാട്ട് കംപോസ് ചെയ്തിരിക്കുന്നതും പാടിയിരിക്കുന്നതും അനിരുദ്ധ് രവിചന്ദർ ആണ്. ലൈക്ക പ്രൊഡക്ഷൻസ് നിർമിയ്ക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കും രജിനികാന്തിനുമൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുപതി തുടങ്ങിയൊരു വൻതാരനിര തന്നെയുണ്ട്.
വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള വിടുതലൈ പാർട്ട് 2 എന്ന ചിത്രവും അധികം വൈകാതെ മഞ്ജുവിന്റേതായി തമിഴകത്ത് റിലീസ് ചെയ്യും. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകൻ. അമൃകി പണ്ഡിറ്റ് എന്ന ബോളിവുഡ് ചിത്രത്തിലാണ് മഞ്ജു നിലവിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ശുഭ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്, താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടെയാണിത്.