91ലും മിടുമിടുക്കി! മുത്തശ്ശി ആശ ഭോസ്‌ലെക്ക് ആശംസകളുമായി കൊച്ചുമകൾ സനായി

Advertisement

വിഖ്യാതഗായിക ആശ ഭോസ്‌ലെയുടെ 91ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് കൊച്ചുമകളും ഗായികയുമായ സനായി ഭോസ്‌ലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആരാധകശ്രദ്ധ നേടുന്നു. ‘91ലും മിടുമിടുക്കി. പിറന്നാൾ പെൺകുട്ടി’ എന്ന് മുത്തശ്ശിക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾക്കൊപ്പം സനായി കുറിച്ചു.

ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെയുടെയും അനുജയുടെയും മകളാണ് സനായി. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ സനായി, മുത്തശ്ശിക്കൊപ്പം നിരവധി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ആശ പലതവണ സനായിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുമുണ്ട്. സംഗീതരംഗത്ത് ഏറെ സജീവമാണ് സനായി ഭോസ്‌ലെ.

ഇപ്പോൾ മുത്തശ്ശിക്കൊപ്പം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണ് ആശ ഭോസ്‌ലെക്കു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തുന്നത്. ലോകത്തിൽ ഏറ്റവും അധികം ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ഗായകരിലൊരാളാണ് ആശ. ആലാപന സൗകുമാര്യം കൊണ്ട് ഇന്ത്യൻ സിനിമാ ലോകം കീഴടക്കിയ ഗായിക. പോപ്പും ഗസലും ഭജനകളും ക്ലാസിക്കൽ സംഗീതവും നാടൻ പാട്ടുകളും ഖവാലിയുമെല്ലാം അനായാസം കൈകാര്യം ചെയ്ത് ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ഇടം പിടിച്ച ഗായിക, ഇന്നും സംഗീതലോകത്ത് പകരക്കാരില്ലാത്ത സ്വരമായി നിലനിൽക്കുന്നു.