പ്രണയാർദ്രമായി ചുംബിച്ച് നിക്കും പ്രിയങ്കയും, കണ്ണ് പൊത്തി ചിരിച്ച് മകൾ; ആരാധകമനം കവർന്ന് ചിത്രങ്ങൾ

Advertisement

32 ാം ജന്മദിനം ആഘോഷിച്ച് അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ പങ്കാളിയുമായ നിക് ജൊനാസ്. ലണ്ടനിൽ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിക്കിടെ എടുത്ത മനോഹര പിറന്നാൾ ചിത്രങ്ങൾ നിക് ജൊനാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പിറന്നാൾ സ്നേഹം അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇതിലും മികച്ചതായി 32 ാം വയസ്സ് തുടങ്ങാൻ കഴിയുമെന്നു തോന്നുന്നില്ലെന്നും നിക് ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

നിക് ജൊനാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. പരസ്പരം ചേർന്നു നിന്ന് നിക്കും പ്രിയങ്കയും ചുംബിക്കുമ്പോൾ മകൾ മാൾട്ടി മേരി കണ്ണുപൊത്തിയിരിക്കുന്ന മനോഹര ദൃശ്യം ആരാധകമനം കവർന്നു. മകളെയും എടുത്ത് സംഗീതപരിപാടി നടക്കുന്ന വേദിയിലേക്കു പോയ നിക്, അവൾക്കു കയ്യിൽ മൈക്കെടുത്തു കൊടുത്തു. നിക്കിന്റെ സഹോദരന്മാരും ഗായകരുമായ കെവിനും ജോയും മാൾട്ടിയെ കൊഞ്ചിക്കുന്നതിന്റെ ചിത്രങ്ങളും ഗായകൻ പങ്കുവച്ചു. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണു നിക് ജൊനാസിനു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തുന്നത്. മാൾട്ടിയുടെ കുസൃതിച്ചിത്രങ്ങൾ കണ്ടതിന്റെ സന്തോഷവും ആരാധകർ പ്രകടമാക്കി.

വിവാഹശേഷം നിക്കിന്റെ എല്ലാ പിറന്നാളിനും തിരക്കുകൾ മാറ്റിവച്ച് പ്രിയങ്ക അടുത്തെത്താറുണ്ട്. അമേരിക്കയിലോ ലണ്ടനിലോ ആയിരിക്കും കൂടുതലായും ആഘോഷങ്ങൾ നടത്തുക. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ പാർട്ടികളാണ് മിക്കവാറും നടത്തുക. പ്രിയങ്കയുടെ പിറന്നാളിന് നിക് സർപ്രൈസ് കൊടുക്കുന്നതും പതിവാണ്. ആഘോഷ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

2018 ഡിസംബറിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. മൂന്നു ദിവസം നീണ്ട, രാജകീയ പ്രൗഢി നിറയുന്ന ആഘോഷങ്ങളോടെയായിരുന്നു ഇന്ത്യൻ പാരമ്പര്യമനുസരിച്ചുള്ള വിവാഹം. പിന്നീട് നിക്കിന്റെ രാജ്യമായ അമേരിക്കയിൽ വച്ചും ചടങ്ങുകൾ നടത്തി. നിക്കും പ്രിയങ്കയും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. 2022 ജനുവരി 22ന് താരദമ്പതികൾക്കു പെൺകു‍ഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. മാൾട്ടിക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്.