‘സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞത് സഹോദരിയും മകളും; ആരോപണം രാഷ്ട്രീയക്കളിയുടെ ഭാഗം’

Advertisement

കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉൾപ്പെടെ ഏഴുപേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ ബന്ധു കൂടിയായ യുവതി രംഗത്തെത്തിയ സംഭവത്തിൽ ആരോപണ, പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു. കൂടുതൽപ്പേർക്കെതിരെ അന്വേഷണ സംഘത്തിനു മൊഴി നൽകുന്നതു തടയാനുള്ള രാഷ്ട്രീയക്കളിയുടെ ഭാഗമാണു തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ എന്നു നടി പ്രതികരിച്ചു.

ആരോപണം ഉന്നയിച്ച യുവതി തന്റെ മാതാവിന്റെ സഹോദരിയുടെ മകൾ തന്നെയാണെന്നും ഇവർ സ്ഥിരീകരിച്ചു.16 വയസ്സുള്ളപ്പോൾ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവയ്ക്കാൻ ബന്ധു കൂടിയായ നടി ശ്രമിച്ചു എന്നായിരുന്നു മൂവാറ്റുപുഴ സ്വദേശിയായ യുവതിയുടെ പരാതി. കേരള, തമിഴ്നാട് ഡിജിപിമാർക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽ‍കുകയും ചെയ്തിരുന്നു

ഓണം കഴിഞ്ഞ് അൻപതോളം പേർ മൊഴികൾ കൊടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് നടി ഫെയ്സ്ബുക് വിഡിയോയിൽ പറഞ്ഞു. അതുപോലെ രണ്ടു മന്ത്രിമാർ, പ്രതിപക്ഷത്തിന്റേത് അടക്കം 14 എംഎൽഎമാർ, സിനിമയിലെ ചില നടന്മാർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ മൊഴി നൽകുമെന്നു താൻ പറഞ്ഞിരുന്നുവെന്നും ഈ മൊഴി നൽകാതിരിക്കാനും ഇക്കാര്യങ്ങൾ‍ പുറത്തുവരാതിരിക്കാനുമായി എല്ലാവരും ചേർന്നു നടത്തുന്ന രാഷ്ട്രീയക്കളിയുടെ ഭാഗമാണ് ആരോപണങ്ങൾ എന്നുമാണു നടിയുടെ വിശദീകരണം. തന്നെ കുടുക്കാനായി യുവതി കാശ് വാങ്ങിച്ചു കള്ളം പറയുകയാണെന്നും നടി പറയുന്നുണ്ട്. നേരത്തെ 2014ൽ യുവതിയെ ചെന്നൈയിൽ കൊണ്ടുപോയിട്ടുള്ള കാര്യം ഇവർ മാധ്യമങ്ങളോടു സമ്മതിച്ചിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞത് സഹോദരിയും മകളുമാണെന്നും താൻ സിനിമയിൽ എങ്ങനെയാണു കാര്യങ്ങൾ എന്നു പറഞ്ഞുകൊടുക്കുകയാണു ചെയ്തത് എന്നുമാണ് നടി വ്യക്തമാക്കിയത്.

നേരത്തെ, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്താവുന്ന ആരോപണങ്ങളാണ് യുവതി നടിക്കെതിരെ ഉന്നയിച്ചത്. ‘‘2014ൽ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്നു തോന്നി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ‌ സമയമാണ്. സിനിമ ഓഡിഷനെന്നു പറഞ്ഞാണ് ചെന്നൈയിലേക്കു കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്നു പറഞ്ഞ് ഒരു സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്. അവർ തന്നെ എന്നെ തിരിച്ചു വീട്ടിലാക്കുകയും ചെയ്തു. നിന്നെ നല്ല രീതിയിൽ അവർ നോക്കും, ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതിയെന്നാണ് പുള്ളിക്കാരി (നടി) എന്നോടു പറഞ്ഞത്. ഒരു ലൈംഗിക തൊഴിലാളി ആകുന്ന രീതിയിലായിരുന്നു സംസാരം. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവർ പറഞ്ഞത്’’, എന്നായിരുന്നു യുവതിയുടെ ആരോപണം.