മലയാളത്തില്‍ അടുത്തിടെ ഒരു സര്‍പ്രൈസ് ചിത്രമായി കിഷ്‍കിന്ധാ കാണ്ഡം മാറിയെന്നാണ് റിപ്പോര്‍ട്ട്. ഓണത്തിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം കളക്ഷനില്‍ വൻ മുന്നേറ്റമുണ്ടാക്കുന്നു. അജയന്റെ രണ്ടാം മോഷണമായിരുന്നു ഓണത്തിന് ആദ്യം മുന്നിട്ട് നിന്നത്. എന്നാല്‍ കിഷ്‍കിന്ധാ കാണ്ഡം സിനിമ തിയറ്ററില്‍ കണ്ടവര്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തിയതോടെ എആര്‍എമ്മിന്റെ ടിക്കറ്റ് വില്‍പന പിന്നിലായിരിക്കുകയാണ്.
ടിക്കറ്റ് വില്‍പന ബുക്ക് മൈ ഷോയില്‍ ഇന്ത്യയില്‍ ഒന്നാമത് ആസിഫ് അലി ചിത്രം കിഷ്‍കിന്ധാ കാണ്ഡമാണ്. ശനിയാഴ്‍ചത്തെ 24 മണിക്കൂറിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലാണ് ആസിഫ് അലി നായകനായ ചിത്രം മുന്നിലെത്തിയത്. 1.34 ലക്ഷമാണ് കിഷ്‍കിന്ധാ കാണ്ഡത്തിന്റെ ടിക്കറ്റ് വിറ്റിരിക്കുന്നത്. എആര്‍എമ്മിന്റേതാകട്ടെ 24 മണിക്കൂറില്‍ 96000 ടിക്കറ്റുകളാണ് വിറ്റത്.
സ്‍ത്രീ 2വിന്റേതായി വിറ്റത് 74000 ടിക്കറ്റുകളും തുമ്പാഡിന്റെ 71000 എണ്ണവും വിജയ്‍യുടെ ദ ഗോട്ടിന്റെ എല്ലാ പതിപ്പിന്റേതുമായി 69000 ടിക്കറ്റുകളുമാണ് അഡ്വാൻസായി വിറ്റത്. ഇന്ത്യയില്‍ നിന്ന് മാത്രം 21.9 കോടി കിഷ്‍കിന്ധാ കാണ്ഡം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കിഷ്‍കിന്ധാ കാണ്ഡം 50 കോടി ആഗോളതലത്തില്‍ അധികം വൈകാതെ നേടുമെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. അജയന്റെ രണ്ടാം മോഷണം 50 കോടി ക്ലബില്‍ നേരത്തെ ഇടം നേടിയിരുന്നു.
അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ജിതിൻ ലാല്‍ ആണ്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.