‘ജയ് ഹനുമാൻ’ റാപ്പര്‍ ഹനുമാന്‍ കൈന്‍ഡിനെ ആലിംഗനം ചെയ്ത് പ്രധനമന്ത്രി മോദി – വീഡിയോ വൈറല്‍

Advertisement

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റാപ്പർ ഹനുമാൻകൈൻഡും കണ്ടുമുട്ടിയ വീഡിയോ വൈറലാകുന്നു. യുഎസ് ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന യുഎസ് സന്ദർശനത്തിന്‍റെ ഭാഗമായി നാസൗ കൊളീസിയത്തിൽ നടന്ന ‘മോദിയും യുഎസും’ എന്ന പരിപാടിയിലാണ് ഈ അപൂര്‍വ്വ കൂടികാഴ്ച.

ഹനുമാൻകൈൻഡ് എന്ന് അറിയപ്പെടുന്ന മലയാളിയായ റാപ്പര്‍ സൂരജ് ചെറുകാട്ട് ഈ പരിപാടിയില്‍ തന്‍റെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. പിന്നാലെ, പ്രധാനമന്ത്രി മോദി റാപ്പറെ ഹസ്തദാനം ചെയ്യുകയും ആലിംഗനം ചെയ്ത് അഭിവാദ്യം ചെയ്യുകയും ചെയ്തു. കലാകാരനെ ആലിംഗനം ചെയ്യുന്നതിനുമുമ്പ് പ്രധാനമന്ത്രി “ജയ് ഹനുമാൻ” എന്ന് വിളിച്ചതും ശ്രദ്ധേയമായി.

ഹനുമാന്‍ കൈന്‍റിന്‍റെ ഗാനം ബിഗ് ഡ്രോസ് ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ വൈറലാണ്. റഷ് അവര്‍, ഗോ ടു സ്ലീപ്പ് തുടങ്ങിയ ട്രാക്കുകളും ഹനുമാൻകൈൻഡിന്‍റെതായി ഹിറ്റാണ്. മുഖ്യധാരാ ഹിപ്-ഹോപ്പിലെ ഇന്ത്യന്‍ മുഖമായി അതിവേഗം ഉയർന്നുവരുന്ന സൂരജ് യുഎസിലെ പ്രധാനമന്ത്രിയുടെ പരിപാടിയിലെ മുഖ്യ ആകര്‍ഷണമായിരുന്നു.

ഗായകൻ ആദിത്യ ഗാധ്വി, സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ് എന്നിവരുൾപ്പെടെയുള്ള മറ്റ് കലാകാരന്മാരുടെ പ്രകടനങ്ങളും ചടങ്ങിൽ ഉണ്ടായിരുന്നു. വൈറൽ ഹിറ്റായ ഖലാസിക്ക് പേരുകേട്ട ആദിത്യയും 13,500-ഓളം വരുന്ന യുഎസ് ഇന്ത്യക്കാരുടെ ജനകൂട്ടത്തിന് മുന്നില്‍ ഗാനം അവതരിപ്പിച്ചു. പുഷ്പ: ദി റൈസ്, വാൾട്ടയർ വീരയ്യ എന്നീ ബ്ലോക്ക്ബസ്റ്ററുകളിലെ പ്രശസ്തനായ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആ ഗാനങ്ങളും അവതരിപ്പിച്ചു.

സെപ്തംബർ 22-ന് പ്രധാനമന്ത്രി പതിനായിരക്കണക്കിന് ഇന്ത്യൻ-അമേരിക്കൻ വംശജരെ അഭിസംബോധന ചെയ്തു. പ്രസംഗത്തിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, ഇന്ത്യയ്ക്കും ഇന്ത്യൻ പ്രവാസികൾക്കും പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

യുഎസിലെ ഇന്ത്യൻ സമൂഹത്തെ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാര്‍ എന്നാണ് മോദി വിശേഷിപ്പിച്ചത്. നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് നിങ്ങളെന്ന് പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്തു.

Advertisement