മലയാള സിനിമാ ലോകത്തെ അറിയാക്കഥകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പലരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
പരാതികള്‍ വന്നതോടെ പ്രമുഖ നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ കേസെടുത്തിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. അന്തരിച്ച നടി ശ്രീവിദ്യയെ ദുരുദ്ദേശ്യത്തോടെ സമീപിക്കാന്‍ ശ്രമിച്ച പ്രമുഖനെ തനിക്കറിയാമെന്ന് ആലപ്പി അഷറഫ് പറയുന്നു.
ഉന്നത ബന്ധങ്ങളുള്ള ഒരു സുഹൃത്താണ് എന്നെ സമീപിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് വലിയ രാഷ്ട്രീയക്കാരന്റെ മകനാണ്. ഈ രാഷ്ട്രീയ നേതാവ് പില്‍ക്കാലത്ത് മുഖ്യമന്ത്രിയുമായി. ഈ നേതാവിന്റെ മകന് ഒരു സീരിയല്‍ നിര്‍മിക്കാന്‍ താല്‍പര്യമുണ്ട്. ശ്രീവിദ്യ ഉള്‍പ്പെടെയുള്ള ആളുകളെ വെച്ച് എടുക്കണമെന്ന നിര്‍ദ്ദേശവും വന്നു. പ്രാഥമികമായ ചര്‍ച്ച നടന്നു. കുറത്ത് ദിവസം കഴിഞ്ഞപ്പോള്‍ നേതാവിന്റെ മകനുമായി സുഹൃത്ത് വീട്ടിലേക്ക് വന്നു.
അദ്ദേഹത്തെ അന്നാണ് ആദ്യമായി അടുത്ത് കാണുന്നത്. അധികം സംസാരിക്കുന്ന പ്രകൃതമല്ല. ഞാന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ച് എഴുതാനുള്ള കാര്യങ്ങള്‍ ഓർഗനൈസ് ചെയ്യാന്‍ തുടങ്ങി. വിദ്യാമ്മയുമായി സംസാരിച്ചു. ഡേറ്റ് നോക്കിയിട്ട് വരാം എന്ന് വിദ്യാമ്മ താല്‍പര്യപൂര്‍വം പറഞ്ഞു. പലരോടും വിദ്യാമ്മ പറഞ്ഞെന്ന് തോന്നുന്നു. കാരണം അതിന് ശേഷം എന്നെ മുന്‍നിര സീരിയല്‍ നടന്‍മാര്‍ അവസരം ചോദിച്ചു. ബാക്കി കാര്യങ്ങള്‍ക്കായി സുഹൃത്തിനെ വിളിച്ച് സംസാരിച്ചു. പിറ്റേ ദിവസം അയാള്‍ വന്നു.
എല്ലാം ഓക്കെയാണ്, ഒരു കാര്യം പറയാന്‍ ബുദ്ധിമുട്ടുണ്ട് അഷറഫ് ചേട്ടാ, പറഞ്ഞില്ലെങ്കില്‍ ബുദ്ധിമുട്ടാകും എന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് ചോദിച്ചു. ഈ സീരിയല്‍ നേതാവിന്റെ മകന്‍ എടുക്കുന്നത് ശ്രീവിദ്യയോട് പുള്ളിക്ക് കൂടുതല്‍ താല്‍പര്യമുള്ളത് കൊണ്ടാണ്. അതൊന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ് പുള്ളി സീരിയല്‍ എടുക്കുന്നതെന്ന് പറഞ്ഞു. ഞാനാകെ ഷോക്കായി.
അദ്ദേഹം എന്റെ മുഖത്ത് നോക്കിയിരുന്നു. എന്റെ പേര് ആലപ്പി അഷറഫ് എന്നാണ്. എന്റെ മുന്നില്‍ മാമ എന്ന രണ്ടക്ഷരം ചേര്‍ക്കാന്‍ ആഗ്രഹമില്ല, ഇവിടെ വെച്ച് നിര്‍ത്താം സുഹൃത്തേ എന്ന് ഞാന്‍ പറഞ്ഞു. ഞാനന്ന് സമ്മതിട്ടിരുന്നെങ്കില്‍ എന്റെ സാമ്പത്തിക കാര്യങ്ങളും പ്രശസ്തിയും വീണ്ടും തിരിച്ച് കൊണ്ട് വരാമായിരുന്നു.പക്ഷെ ഞാനപ്പോഴും ഓര്‍ത്ത് പ്രേം നസീറെന്ന എന്റെ ഗുരുനാഥനെയാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മൂല്യങ്ങള്‍ കൈവിടരുതെന്ന് അദ്ദേഹം തന്നോട് പറയുമായിരുന്നെന്നും ആലപ്പി അഷറഫ് വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നേരത്തെ ചാനല്‍ ചര്‍ച്ചകളിലും ആലപ്പി അഷറഫ് സംസാരിച്ചിട്ടുണ്ട്.