ആദ്യവേഷത്തിന്‍റെ കടുപ്പം ലഭിക്കാതെ പില്‍ക്കാല വേഷങ്ങള്‍ ചീറ്റിപ്പോയ കീരിക്കാടനെന്ന വില്ലന്‍

Advertisement

സ്വന്തം പേരിലല്ലാതെ, കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട ഒരുപാട് നടന്മാരുണ്ട്. ആദ്യവേഷത്തിന്‍റെ കടുപ്പം ലഭിക്കാതെ പിന്നീടുള്ള പലവേഷങ്ങളും ചീറ്റിപ്പോയ കഥയാണ് മോഹൻരാജിന്‍റേത്. സിബി മലയിലിന്റെ കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി വേഷമിട്ട മോഹൻരാജ് പിന്നീട് ആ പേരിലാണ് അറിയപ്പെട്ടത്. മുപ്പതു വർഷത്തിലേറെ, മൂന്നൂറിലേറെ സിനിമകളിൽ വേഷമിട്ടെങ്കിലും മലയാളിക്ക് കീരിക്കാടൻ ജോസ് തന്നെയായിരുന്നു എന്നും മോഹൻ രാജ്. ആ വേഷത്തെ മറി കടക്കാന്‍ ഈ നടന് പിന്നീട് കഴിഞ്ഞതുമില്ല.

ക്രൂരത നിറഞ്ഞ ചോരക്കണ്ണുകളും മുഖത്തെ മുറിപ്പാടുകളുമായി ആറടി മൂന്നര ഇഞ്ച് ഉയരത്തിൽ ഒരു വില്ലൻ. നായകകഥാപാത്രമായ മോഹൻ ലാലിനൊപ്പം തന്നെ കിരീടത്തിൽ കീരിക്കാടൻ ജോസും ശ്രദ്ധിക്കപ്പെട്ടു. തീർത്തും ആകസ്മികമായാണ് സിബി മലയിലിന്റെ കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന ശക്തനായ വില്ലൻ കഥാപാത്രമായി തിരുവനന്തപുരം സ്വദേശി മോഹൻരാജ് മാറ്റപ്പെട്ടത്. കിരീടത്തിലെ വില്ലൻ കഥാപാത്രത്തിനായി സംവിധായകൻ സിബി മലയിൽ പുതിയൊരു അഭിനേതാവിനായുള്ള അന്വേഷണം നടത്തവേ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ കലാധരനാണ് സിബി മലയിലിന് മോഹൻരാജ് എന്ന നടനെ പരിചയപ്പെടുത്തിയത്.

മോഹൻ രാജിന്റെ ആകാരവും രൂപഭംഗിയും കണ്ട സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും മോഹൻരാജിന്റെ അഭിനയശേഷി പോലും പരിശോധിക്കാതെ കിരീക്കാടൻ ജോസ് ആയി മോഹൻരാജിനെ നിശ്ചയിക്കുകയായിരുന്നു. കിരീടത്തില്‍ ആദ്യം രംഗത്തു കണ്ടത് കീരിക്കാടന്‍റെ കരുത്തുറ്റ കൈമാത്രമാണ്. വില്ലന്മാരെ വിരട്ടുന്ന വിറപ്പിക്കുന്ന ആ സാന്നിധ്യം പൂര്‍ണമാകുന്നത് നായകന്‍റെ(മോഹന്‍ലാലിന്‍റെ) പിതാവായ പൊലീസ് കോണ്‍സ്റ്റബിളിനെ(തിലകന്‍)ക്രൂരമായി മര്‍ദ്ദിക്കുന്ന രംഗത്താണ്. അവിടെവച്ചാണ് അതിലിടപെട്ട നായകന് തന്‍റെ ജീവിതം തന്നെ ബലിനല്‍കേണ്ടി വരുന്നത്. കീരിക്കാടന്‍റെ വില്ലത്തം പൂര്‍ത്തിയാകുന്നത് തന്നെ മര്‍ദ്ദിച്ചവനെ അറിയില്ലെന്ന് പൊലീസിന് മൊഴിനല്‍കിയിട്ട് അവനെ തനിക്കുവേണമെന്ന് കൂട്ടാളികളോട് പറയുന്നിടത്താണ്. ലോഹിതദാസിന്‍റെ പേനയില്‍ രൂപം കൊണ്ട ഈ വില്ലന്‍ മലയാളത്തിലെ എക്കാലത്തേയും വില്ലന്മാരുടെ മുന്‍ പന്തിയില്‍ ഇരിപ്പിടം നേടിയതും മോഹന്‍രാജിന്‍റെ അന്ന് അപരിചിതമായിരുന്ന ആ ഉഗ്രരൂപം അത്രമാത്രം അനുയോജ്യമായതോടെയാണ്.

തിരുവനന്തപുരം ഗവ. ആർട്ട് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയശേഷം സൈന്യത്തിലും കസ്റ്റംസിലും എൻഫോഴ്‌സ്‌മെന്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് മോഹൻരാജ്. പൊലീസ് എസ് ഐ സെലക്ഷൻ ലഭിച്ചെങ്കിലും ജോലിക്ക് പോയില്ല. സുഹൃത്തുക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സിനിമാഭിനയത്തിലേക്ക് മോഹൻരാജ് കടന്നത്. അനുവാദം വാങ്ങാതെ അഭിനയിച്ചതിനാൽ സസ്‌പെൻഷനിലായെങ്കിലും നിയമപോരാട്ടത്തിനൊടുവിൽ 2010-ൽ തിരികെ ജോലിയിൽ കയറിയെങ്കിലും 2015-ൽ വോളണ്ടറി റിട്ടയർമെന്റ് നേടി.

കിരീടത്തിൽ വേഷമിടുന്നതിനു മുമ്പായി ആൺകളെ നമ്പാതെ, കഴുഗുമലൈ കള്ളൻ എന്നിങ്ങനെ രണ്ട് തമിഴ് സിനിമകളിൽ വില്ലൻ വേഷത്തിൽ വേഷമിട്ടിരുന്നു. മലയാളത്തിൽ കെ മധുവിന്റെ മൂന്നാംമുറയിൽ കൊള്ളക്കാരിലൊരാളായും പ്രത്യക്ഷപ്പെട്ടിരുന്നു മോഹൻരാജ്. ബൽറാം വേഴ്‌സസ് താരാദാസിലെ അണലി ഭാസ്‌കരൻ, ഏയ് ഓട്ടോയിലെ പൊലീസ് ഇൻപെക്ടർ,ആറാംതമ്പുരാനിലെ ചെങ്കളഭാസ്കരന്‍, പുറപ്പാടിലെ സാമുവേൽ, കാസർകോഡ് കാദർഭായിൽ കാദർഭായിയുടെ വലംകൈ, ഹിറ്റ്‌ലറിലെ ദേവരാജൻ, വാഴുന്നോരിലെ സർക്കിൾ ഇൻസ്‌പെക്ടർ, നരനിലെ കുട്ടിച്ചിറ പാപ്പൻ, ഹൈവേ പൊലീസിലെ ഖാൻ ഭായ് തുടങ്ങി നിരവധി കഥാപാത്രങ്ങൾ മോഹൻരാജിന്റേതായുണ്ട്. തെലുങ്കിൽ ലോറി ഡ്രൈവറിലെ ഗുഡിവാഡ റൗണ്ടി റായിഡു എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളം,. തമിഴ്, തെലുങ്ക് സിനിമകളിലായി മുന്നൂറിലധികം വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2022-ൽ റിലീസ് ചെയ്ത റോഷാക്കായിരുന്നു അവസാനചിത്രം. വിശ്വനാഥൻ എന്ന കഥാപാത്രമായിരുന്നു അതിൽ. ഉഷയാണ് ഭാര്യ. ജയ്ഷമ, കാവ്യ എന്നിവരാണ് മക്കൾ.

Advertisement