മോഹൻലാലിന് നായിക ഐശ്വര്യ, ഒപ്പം ‘ചിന്താവിഷ്ടയായ ശ്യാമള’യും; സത്യൻ അന്തിക്കാട് പടം ഉടൻ

Advertisement

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവ്വത്തിലെ കൂടുതൽ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്ത്. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന യുവതാരം ഐശ്വര്യ ലക്ഷ്മിയാണ്. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം നടി സംഗീതയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

‘ഹൃദയപൂർവ്വം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്. ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂർവ്വം’. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഹൃദയപൂർവ്വം’ ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും’, എന്നാണ് സത്യന്‍ അന്തിക്കാട് കുറിച്ചത്.

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ഒന്‍പത് വര്‍ഷത്തിന് ശേഷം ഈ ഹിറ്റ് കോമ്പോ ഒന്നിക്കുമ്പോള്‍ വരുന്നത് ഒരു ഫൺ മോഡ് സിനിമയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മിക്കുന്നത്. സോനു ടിപി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അതേസമയം, ബറോസ് എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഓക്ടോബര്‍ 3ന് സിനിമ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചുവെങ്കിലും ഇത് പിന്നീട് മാറ്റുകയായിരുന്നു. എമ്പുരാന്‍, തരുണ്‍ മൂര്‍ത്തി ചിത്രം, വൃഷഭ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍.