എനിക്ക് 46 വയസായി, 50കളിലേക്കാണ് ഞാൻ നോക്കുന്നത്; പ്രായത്തെ കുറിച്ച് വാചാലയായി മഞ്ജു വാര്യർ

Advertisement

മലയാളത്തിന്റെ പ്രിയ താരമാണ് നടി മഞ്ജു വാര്യർ. സ്വാഭാവിക അഭിനയത്തിലൂടെ ഇന്നും പ്രേക്ഷകരെ ഒന്നാകെ ത്രസിപ്പിച്ചു കൊണ്ടിരിക്കയാണ് താരം. സിനിമയിൽ നിറഞ്ഞ് നിന്ന വേളയിൽ ആയിരുന്നു മഞ്ജു വലിയൊരു ഇടവേള എടുത്തത്. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവും നടത്തി. ഒരുപക്ഷേ മറ്റൊരു നടിക്കും ലഭിക്കാത്തത്ര സ്വീകാര്യത കൂടിയായിരുന്നു മഞ്ജുവിന് പിന്നീട് ലഭിച്ചത്. രണ്ടാം വരവിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരു കൈ നോക്കി മഞ്ജു. നിലവിൽ രജനികാന്തിനൊപ്പം വേട്ടയ്യനിൽ നായികയായി എത്തുകയാണ് താരം.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. പ്രായത്തെ വെല്ലുന്ന തരത്തിലുള്ള സ്റ്റൈലിഷ് ലുക്കിൽ മഞ്ജു എത്തുമ്പോൾ ആരാധകരും അതേറ്റെടുക്കാറുണ്ട്. പ്രായം വെറും നമ്പർ മാത്രമാണെന്ന് ധ്വനിപ്പിച്ച് മറ്റ് സ്ത്രീകൾക്കും വലിയൊരു പ്രചോദനം കൂടിയായി മഞ്ജു മാറിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ യഥാർത്ഥ പ്രായം തുറന്ന് പറയുകയാണ് മഞ്ജു. വേട്ടയ്യൻ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരു തമിഴ് മാധ്യമത്തോട് ആയിരുന്നു നടിയുടെ പ്രതികരണം.

“എനിക്കിപ്പോൾ 46 വയസുണ്ട്. 46 വയസൊന്നും ഒരു പ്രായമല്ലെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുകയാണ്. ചെറുപ്പത്തിൽ 30 വയസ് വലിയൊരു പ്രായമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ വർഷങ്ങൾ പോകുന്തോറും അതൊന്നും ഒന്നുമല്ലെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. നാൽപതുകൾ എന്നത് വളരെ ചെറുപ്പമാണ്. വളരെ എനർജറ്റിക്കായി ഇരിക്കാമെന്ന് മനസിലാക്കുകയാണ്. ഞാനെന്റെ അൻപതുകളിലേക്കാണ് ഞാൻ ഇപ്പോൾ നോക്കുന്നത്. നിലവിൽ ഇത്രയും എനർജറ്റിക്കായി ഇരിക്കാന്നുണ്ടെങ്കിൽ അൻപതുകളിൽ ഇതിലേറെ എനർജെറ്റിക്കായിരിക്കാം എന്ന് തോന്നുകയാണ്”, എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.

അതേസമയം, ഒക്ടോബർ 10നാണ് വേട്ടയ്യൻ റിലീസ് ചെയ്യുന്നത്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ, റിതിക സിംഗ്, ദുഷാര വിജയൻ, അഭിരാമി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യരുടെയും ഫഹദിന്റെ മൂന്നാമത്തെ തമിഴ് സിനിമ കൂടിയാണിത്